ജാപ്പാനീസ് ന്യായാധിപനെതിരെ ചൈന

ബെയ്ജിങ്: ദക്ഷിണ ചൈനാ കടലിലെ ചരിത്രപരമായ അവകാശവാദത്തെ തള്ളിയ യു.എന്‍ പിന്തുണയുള്ള അന്താരാഷ്ട്ര ട്രൈബ്യൂണല്‍ പാനലിലെ മധ്യസ്ഥരെ നിയമിച്ച ജാപ്പനീസ് ന്യായാധിപനെ കടന്നാക്രമിച്ച് ചൈന.കേസില്‍ ചൈനക്കെതിരെ ഹരജി ഫയല്‍ചെയ്ത ഫിലിപ്പീന്‍സിന്‍െറ പ്രേരണമൂലം നിയമിച്ച ജര്‍മന്‍ ജഡ്ജിയൊഴികെ മറ്റു നാലുപേരെയും നിയമിച്ചത് ജാപ്പനീസ് ന്യായാധിപനും നയതന്ത്രപ്രതിനിധിയുമായ ഷുന്‍ജി യാനായ് ആണെന്ന് ചൈനീസ് ഉപ വിദേശകാര്യ മന്ത്രി ലിയു ഷെന്‍മിന്‍ മാധ്യമങ്ങളോട് പറഞ്ഞു. യൂറോപ്പില്‍നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഉള്ളവര്‍ക്ക് ഏഷ്യന്‍ ചരിത്രത്തെയും സംസ്കാരത്തെയും കുറിച്ച് ഒരു ചുക്കുമറിയില്ല.

ചരിത്രബോധമില്ലാത്ത ആ ജഡ്ജിമാരെ കൂട്ടുപിടിച്ച് ചൈനക്കെതിരെ കൃത്രിമവിധി നടപ്പാക്കുകയായിരുന്നു. ജഡ്ജിമാര്‍ക്ക് ശമ്പളം നല്‍കുന്നത് യു.എന്‍ അല്ല യാനായ് ആണെന്നും ഷെന്‍മിന്‍ വിമര്‍ശിച്ചു. ഹേഗിലെ ട്രൈബ്യൂണലിന് അന്താരാഷ്ട്ര പദവിയില്ലാത്തതിനാല്‍ വിധി നടപ്പാക്കാന്‍ സാധിക്കില്ല. തര്‍ക്ക മേഖലയില്‍ എയര്‍ ഡിഫന്‍സ് സോണ്‍ സ്ഥാപിക്കാന്‍ അധികാരമുണ്ടെന്നും ലിയു ഷെന്‍മിന്‍ പറഞ്ഞു.

തോമസ് എ മെന്‍സാഹ് (ഘാന), ജീന്‍ പിയറി കോത് (ഫ്രാന്‍സ്), സ്റ്റാനിസ്ലോ പൗലക് (പോളണ്ട്), ആല്‍ഫ്രഡ് എച്ച്.എ സൂന്‍സ് (നെതര്‍ലന്‍ഡ്സ്), റുദിഗര്‍ വോള്‍ഫ്രം (ജര്‍മനി) എന്നിവരാണ് വിധിനിര്‍ണയ പാനലിലുണ്ടായിരുന്നത്. ദക്ഷിണ ചൈനാ കടലിലെ 90 ശതമാനം സ്വന്തമാണെന്നാണ് ചൈന അവകാശപ്പെടുന്നത്. ദക്ഷിണ ചൈനാ കടലില്‍ 1948ല്‍ വരച്ച  ഒമ്പതു വരകളടങ്ങിയ ഭൂപടമാണ് വാദത്തിന് തെളിവായി ചൈന ചൂണ്ടിക്കാട്ടുന്നത്. ഒമ്പതു വരകളുടെ പരിധിയില്‍ വരുന്ന എല്ലാ സ്ഥലങ്ങളും സ്വന്തമാണെന്നാണ് വാദം. ചരിത്രപരമായ അവകാശത്തിന് 2000 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ചൈന പറയുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.