ബഗ്ദാദില്‍ ഭീകരാക്രമണം; മരണം 125 ആയി

ബഗ്ദാദ്: ഇറാഖ് തലസ്ഥാന നഗരമായ ബഗ്ദാദിലെ രണ്ടു വാണിജ്യ കേന്ദ്രങ്ങളിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം  125 ആയി. സംഭവത്തില്‍ 200 പേര്‍ക്ക് പരിക്കേറ്റതായും ഒൗദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് ഇരു ആക്രമണങ്ങളുമുണ്ടായത്.

പെരുന്നാളിന് മുന്നോടിയായി വസ്ത്രങ്ങളും മറ്റും വാങ്ങാനത്തെിയവരുടെ തിരക്കുള്ള സമയത്താണ് ഉഗ്ര സ്ഫോടനങ്ങള്‍ നടന്നത്. ഇതാണ് മരണ സംഖ്യ കൂടാന്‍ കാരണമായത്. കൊല്ലപ്പെട്ടവരിലേറെയും കുട്ടികളും ചെറുപ്പക്കാരുമാണ്. ബഗ്ദാദിലെ കറാദ ജില്ലയിലാണ് ആദ്യ സ്ഫോടനമുണ്ടായത്. കറാദയിലെ തിരക്കുള്ള ഷോപ്പിങ് മേഖലയിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 120പേര്‍ കൊല്ലപ്പെടുകയും 185 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് കിഴക്കന്‍ ബഗ്ദാദിലും സ്ഫോടനമുണ്ടായി. ഇതില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യ ആക്രമണത്തിന്‍െറ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്. ശിയാ വിഭാഗത്തെ ഉന്നംവെച്ചാണ് ആക്രമണമെന്നാണ് ഐ.എസ് അവകാശവാദം.

കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തകര്‍ന്നുകിടക്കുന്ന കെട്ടിടങ്ങള്‍ക്കടിയില്‍ പെട്ടവരെ കണ്ടത്തൊനുള്ള ശ്രമം രക്ഷാപ്രവര്‍ത്തകര്‍ തുടരുകയാണ്. വസ്ത്ര, മൊബൈല്‍ ഷോപ്പുകള്‍ക്ക് സമീപമാണ് സ്ഫോടനമുണ്ടായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അല്‍അബാദി സംഭവസ്ഥലം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. തലസ്ഥാന നഗരിയില്‍ സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതില്‍ നേരത്തേതന്നെ ബഗ്ദാദില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.

ഇറാഖ് പട്ടണമായ ഫല്ലൂജ ഐ.എസില്‍നിന്ന് പൂര്‍ണമായി മോചിപ്പിച്ചതായി കഴിഞ്ഞ ആഴ്ച ഇറാഖ് സേന പ്രഖ്യാപിച്ചിരുന്നു. ഇതിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസമുണ്ടായത്. ഇറാഖിന്‍റെ പ്രധാനപട്ടണമായ മൊസൂൽ ഇപ്പോഴും ഐ.എസ് നിയന്ത്രണത്തിലാണ്. മറ്റൊരു പട്ടണമായ ഫലൂജ നേരത്തെ ഇറാഖീ സേന ഐ.എസിൽ നിന്ന് തിരിച്ചുപിടിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.