ഭീകരതക്കെതിരെ സുരക്ഷാസഖ്യം വിപുലപ്പെടുത്തി ചൈന

ബെയ്ജിങ്: ഭീകരതക്കെതിരായി സുരക്ഷാസഖ്യം  ചൈന വിപുലപ്പെടുത്തുന്നു. ഇതിന്‍െറ ഭാഗമായി അഫ്ഗാനിസ്താനും പാകിസ്താനും താജികിസ്താനുമായി  സഖ്യം സ്ഥാപിച്ചതായി ചൈനയുടെ ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ‘സിന്‍ഹുവ’ അറിയിച്ചു. ആഭ്യന്തര സുരക്ഷാ ഭീഷണി നേരിടുന്ന അയല്‍രാജ്യങ്ങളുമായി ചൈന ഇതുസംബന്ധിച്ച് ധാരണകളില്‍ എത്തിയിട്ടുണ്ട്. പടിഞ്ഞാറന്‍ സിന്‍ജ്യങ് പ്രവിശ്യയുടെ തലസ്ഥാനമായ ഉറുംചിയില്‍ കഴിഞ്ഞ ദിവസം അയല്‍രാജ്യങ്ങളില്‍നിന്നുള്ള  ഉന്നത സേനാ ഉദ്യോഗസ്ഥരുമായി  ചൈനീസ് സെന്‍ട്രല്‍ മിലിറ്ററി കമീഷന്‍ അംഗം ഫാങ് ഫെംഗുയ് ചര്‍ച്ചകള്‍ നടത്തി.

മേഖലയുടെ  സുരക്ഷക്ക് ഭീകരതയും തീവ്രവാദവും കനത്ത വെല്ലുവിളിയാണെന്ന് വിലയിരുത്തിയ നാലു രാഷ്ട്രങ്ങളും സംയുക്ത നീക്കങ്ങള്‍ക്കായി  രൂപരേഖ തയാറാക്കി. രഹസ്യാന്വേഷണ വിവരങ്ങളും സേനാംഗങ്ങള്‍ക്ക് പരിശീലനവും ചതുര്‍രാജ്യങ്ങള്‍ പരസ്പരം കൈമാറും. ഓരോരാജ്യത്തിന്‍െറയും സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കും.

അഫ്ഗാന്‍ സേനാ മേധാവി  ജനറല്‍ ഖദം ഷാ ശഹീം, പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ശരീഫ്, താജികിസ്താന്‍ സേനാ മേധാവി മേജര്‍ ജനറല്‍ ഇ.എ. കൊബിദ്രസൊദ എന്നിവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു. സിന്‍ജ്യങ് പ്രവിശ്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ ചൈന സൈനിക സന്നാഹമൊരുക്കിയിട്ടുണ്ട്.
ചൈനയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച അഫ്ഗാനിസ്താനെ ചൈനീസ് വിദേശകാര്യ മന്ത്രി അഭിനന്ദിച്ചതിന് പിന്നാലെയാണ് സേനാമേധാവികളുടെ സംയുക്ത യോഗത്തിന് സിന്‍ജ്യങ് വേദിയായത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.