ധീരന്മാര്‍ക്കായി ഒരു പാലം

ബെയ്ജിങ്: കുത്തനെ ഉയര്‍ന്നുനില്‍ക്കുന്ന രണ്ടു മലകള്‍ക്കിടയിലെ ശക്തമായ വെള്ളച്ചാട്ടത്തിനു മുകളില്‍ എവിടെയും തൊടാതെ നില്‍ക്കുന്നതായി ഒന്നു സങ്കല്‍പിച്ചുനോക്കൂ. ഒരു നിമിഷം പ്രാണന്‍ നിലച്ചുപോയതുപോലെ തോന്നും. അതിശയങ്ങളുടെ വന്‍കരയായ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഒരുക്കിയിരിക്കുന്നത് അത്തരമൊരു വിസ്മയമാണ്. ലോകത്തിലെ ഏറ്റവും ഉയരമേറിയ ഗ്ളാസ് പാലം പണിത് ലോകത്തെ ഒന്നാകെ അമ്പരപ്പിക്കുകയാണ് ചൈന.


അസാമാന്യ ധൈര്യം വേണം ഈ പാലത്തില്‍ ഒന്നു കയറാന്‍. പലരും പാതിവഴിയില്‍ പേടിച്ചുവിറച്ച് യാത്ര മതിയാക്കി. മറ്റു ചിലര്‍ പാലത്തിലേക്ക് വെച്ച കാല്‍ പിന്‍വലിച്ച് നിലവിളിച്ചു. മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷിനിയുസ്ഹായില്‍ ബുദ്ധപര്‍വതത്തിലെ രണ്ട് കൊടുമുടികളെ ബന്ധിപ്പിച്ചാണ് പാലം പണിതിരിക്കുന്നത്. പാലത്തിനടിയിലൂടെ നുരകുത്തിപ്പായുന്ന ഉഗ്രനൊരു വെള്ളച്ചാട്ടം.

നേരത്തേ ഇവിടെയുണ്ടായിരുന്നത് ഒരു തടിപ്പാലമായിരുന്നു. 11 എന്‍ജിനീയര്‍മാര്‍ ചേര്‍ന്ന് ഏതാനും മാസങ്ങളായി കഠിന യത്നം നടത്തിയാണ് പാലം യാഥാര്‍ഥ്യമാക്കിയത്. മറ്റു പാലങ്ങളേക്കാള്‍ സുരക്ഷ ഇവര്‍ ഉറപ്പ് തരുന്നു. സാധാരണ ജനാല ഗ്ളാസുകളേക്കാള്‍ 25 ഇരട്ടി ഉറപ്പുള്ള ഗ്ളാസുകൊണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്.  984 അടി ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്. 1247 അടി നീളമുള്ള പാലത്തില്‍ 800 പേര്‍ക്ക് കയറി നില്‍ക്കാം. പാലത്തില്‍ കയറുന്ന സഞ്ചാരികള്‍ തെന്നിവീഴാതിരിക്കാനായി പ്രത്യേകം പാദരക്ഷകളും നല്‍കും.

പേടിച്ചുവിറച്ചും ഇഴഞ്ഞുനീങ്ങിയും സഞ്ചാരികള്‍ പാലം കടക്കുന്നതിന്‍െറ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ധൈര്യപൂര്‍വം പാലം കടന്നവര്‍ അമ്പരപ്പിക്കുന്ന അനുഭവമാണിതെന്ന് സാക്ഷ്യപ്പെടുത്തുന്നു. പാലം കടക്കാന്‍ ധൈര്യം ഇത്തിരി കൂടുതല്‍ വേണമെന്നതിനാല്‍ ഇതിനെ ‘ഹീറോ ബ്രിഡ്ജ്’ എന്നും വിളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയിലെ സാന്‍ഗ്ജിയാജിയില്‍ മറ്റൊരു ഗ്ളാസ് പാലംകൂടി പണിതുകൊണ്ടിരിക്കുകയാണ്.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.