നാഗസാക്കിയുടെ മൂകസാക്ഷി

നാഗസാക്കി: ആ കറുത്ത ദിനത്തിന്‍െറ ഓര്‍മകള്‍ അതികഠിനമായ വേദനയോടെയല്ലാതെ ജപ്പാന്‍കാരനായ സുമിതേരു തനിഗുച്ചിക്ക് ഒരിക്കലും ഓര്‍ക്കാനാവില്ല. കാരണം കഴിഞ്ഞ 70 വര്‍ഷമായി അയാള്‍ ആ വേദന തിന്നുകൊണ്ടിരിക്കുകയാണ്. ഒരിക്കലും നിവര്‍ത്താനാവാത്ത തന്‍െറ ഇടതുകൈ കുപ്പായത്തിന്‍െറ ഉള്ളില്‍നിന്ന് പുറത്തെടുത്ത് സന്ദര്‍ശകര്‍ക്ക് കാണിക്കുമ്പോള്‍ വിഷം വമിച്ച ബോംബിന്‍െറ കറുത്ത പുക അയാളുടെ കണ്ണിലൂടെ മിന്നിമറിയുന്നുണ്ടായിരുന്നു.

രണ്ടാം ലോകയുദ്ധത്തിന്‍െറ അന്ത്യംകുറിച്ച് ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വര്‍ഷിച്ച ആറ്റംബോംബിന്‍െറ ജീവിച്ചിരിക്കുന്ന സാക്ഷികളിലൊരാളാണ് 86കാരനായ സുമിതേരു തനിഗുച്ചി. 1945 ആഗസ്റ്റ് ഒമ്പതിന് ലോകത്തെ ഞെട്ടിച്ച് 70,000 പേരെ ഒരു സുപ്രഭാതത്തില്‍ മൃതദേഹങ്ങളാക്കിയ മഹാദുരന്തം ഭൂമിയില്‍ പതിക്കുമ്പോള്‍ തനിഗുച്ചിക്ക് പ്രായം 16. സ്വകാര്യ കമ്പനിയില്‍ കത്തുകള്‍ എത്തിച്ചുകൊടുക്കുന്ന കൊറിയര്‍ ജീവനക്കാരനായിരുന്നു അയാള്‍. തോല്‍സഞ്ചിയില്‍ നിറവാര്‍ന്ന സന്ദേശങ്ങളുമായി സൈക്കിളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കെയാണ് ശരീരത്തെ ജീവനോടെ പുഴുങ്ങുന്ന അതികഠിനമായ ചൂടനുഭവപ്പെട്ടത്. ആറ്റംബോംബ് വര്‍ഷിച്ച സ്ഥലത്തുനിന്ന് ഒന്നരക്കിലോമീറ്ററോളം അകലെയായിരുന്നു തനിഗുച്ചിയപ്പോള്‍. വേദന സഹിക്കാനാവാതെ സൈക്കിള്‍ ആഞ്ഞുചവിട്ടിയെങ്കിലും അന്തരീക്ഷത്തില്‍ അതിവേഗം പടര്‍ന്നുപിടിച്ച അത്യുഷ്ണംമൂലം ശരീരത്തിന്‍െറ പിന്‍ഭാഗം വെന്തുപോയിരുന്നു.

ഇപ്പോള്‍ ശരീരത്തിന്‍െറ പുറംഭാഗം ഏതാണ്ട് പൂര്‍ണമായും വ്രണംകൊണ്ട് മൂടിയിരിക്കുന്നു. മൂന്ന് വാരിയെല്ലുകള്‍ പകുതി അഴുകിയനിലയിലാണ്. ശ്വാസകോശത്തെയാണ് അത് ഏറെ ബാധിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ സംസാരിക്കുമ്പോള്‍ ശ്വാസം വലിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. വ്രണങ്ങളില്‍നിന്ന് മണം പുറത്തുവരാതിരിക്കാനായി ഭാര്യ ഏതോ ഓയിന്‍റ്മെന്‍റുകള്‍ ഇടക്കിടെ പുരട്ടുന്നുണ്ട്. വേദന കടിച്ചമര്‍ത്തി പതിഞ്ഞ സ്വരത്തില്‍ ആ സംഭവം ഒരുവിധം പറഞ്ഞുനിര്‍ത്തി. ഒറ്റ ബോംബുകൊണ്ട് ലോകയുദ്ധം അവസാനിച്ചെങ്കിലും ഇനിയൊരിക്കലും തിരിച്ചുവരില്ളെന്ന ഉറപ്പ് ആര്‍ക്കും നല്‍കാനാവില്ല.

എങ്കിലും ഇത്തരമൊരു വേദന ആരും അനുഭവിക്കരുതെന്നാണ് പ്രാര്‍ഥന. ആണവായുധ നിരായുധീകരണ സംഘടനയുടെ പ്രവര്‍ത്തകനാണ് തനിഗുച്ചി. പ്രായാധിക്യത്തിനൊപ്പം അതികഠിനമായ വേദനകൂടി അനുഭവിക്കേണ്ടിവന്നതോടെ വീട്ടില്‍ മരണത്തെ കാത്തിരിക്കുകയാണീ നാഗസാക്കിയുടെ മൂകസാക്ഷി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.