ട്രംപ് അമേരിക്കയെ വിഭജിക്കാൻ ശ്രമിക്കുന്നു -ഹിലരി ക്ലിന്‍റൻ

ഫിലഡെല്‍ഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ എതിരാളിയും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപിനെ ഭയക്കുന്നില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റൻ. ഭാവിയെ ഭയപ്പെടുത്താൻ ട്രംപിനെ അനുവദിക്കില്ല. അമേരിക്കയെ വിഭജിക്കുകയാണ് ട്രംപിന്‍റെ ആവശ്യമെന്നും ഹിലരി പറഞ്ഞു. ഫിലഡെല്‍ഫിയയിലെ ഡെമോക്രാറ്റിക് പാർട്ടി ദേശീയ കണ്‍വെന്‍ഷനിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ഹിലരി.

ജനങ്ങൾക്കിടയിൽ മതിലുകളല്ല, രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയാണ് നിർമിക്കേണ്ടത്. മാറ്റത്തിലേക്ക് രാജ്യത്തെ നയിക്കാൻ ഒന്നിച്ചു നിൽകണം. ഒരു മതവിഭാഗത്തെ നിരോധിക്കുന്നതിനെ അനുകൂലിക്കുന്നില്ല. തീവ്രവാദത്തെ ഇല്ലായ്മ ചെയ്യും. തീവ്രവാദത്തെ അടിച്ചമർത്തുന്നതിന് സഖ്യകക്ഷികളോടൊപ്പം ഉറച്ചുനിൽക്കുമെന്നും ഹിലരി വ്യക്തമാക്കി.

പ്രൈമറികളിൽ എതിരാളിയായിരുന്ന ബേർണി സാൻഡേഴ്സിന് ഹിലരി നന്ദി പറഞ്ഞു. സാൻഡേഴ്സ് മുന്നോട്ടുവെച്ച ലക്ഷ്യങ്ങളാണ് പാർട്ടിയുടെ ലക്ഷ്യമെന്നും ഹിലരി ചൂണ്ടിക്കാട്ടി.

വ്യാഴാഴ്ച റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനെതിരെ യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ദേശീയ കണ്‍വെന്‍ഷനിൽ രൂക്ഷ വിമർശം നടത്തിയിരുന്നു. ട്രംപ് തെരഞ്ഞെടുപ്പില്‍ ജയിക്കില്ല, കാരണം അദ്ദേഹം അമേരിക്കയെ തുണ്ടംതുണ്ടമായി വില്‍ക്കുകയാണ്. അമേരിക്കയെയും അമേരിക്കയുടെ മൂല്യങ്ങളെയും ഭീഷണിപ്പെടുത്തുന്നവര്‍, അവര്‍ ഫാഷിസ്റ്റുകളോ കമ്യൂണിസ്റ്റുകളോ തീവ്രവാദികളോ രാജ്യത്തു തന്നെയുള്ള കവലപ്രസംഗകരോ ആരുതന്നെ ആവട്ടെ, അവരുടെ പതനം അടുത്തിരിക്കുന്നു. അമേരിക്ക എല്ലായ്പ്പോഴും മഹത്തായ രാജ്യമാണെന്നും ഒാബമ വ്യക്തമാക്കിയിരുന്നു.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.