ഫ്യൂച്ചര്‍ ഷോക് രചയിതാവ് ആല്‍വിന്‍ ടോഫ്ളര്‍ അന്തരിച്ചു

ന്യൂയോര്‍ക്: ‘ഫ്യൂച്ചര്‍ ഷോക്’ അടക്കം സാമൂഹിക, സാമ്പത്തിക സാങ്കേതിക മാറ്റങ്ങളെ മുന്‍കൂട്ടി പ്രവചിക്കുന്ന കൃതികളിലൂടെ പ്രശസ്തനായ അമേരിക്കന്‍ നോവലിസ്റ്റ് ആല്‍വിന്‍ ടോഫ്ളര്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. ലോസ് ആഞ്ജലസിലെ സ്വവസതിയിലായിരുന്നു അന്ത്യം.1970കളില്‍ വിപ്ളവം സൃഷ്ടിച്ച ഫ്യൂച്ചര്‍ ഷോക് 1.5 കോടി കോപ്പികളാണ് വിറ്റഴിഞ്ഞത്. സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ സങ്കീര്‍ണമായ സാമൂഹിക പ്രതിഭാസങ്ങളെ വിശദീകരിച്ച അദ്ദേഹം ഇന്‍റര്‍നെറ്റിന്‍െറ ഉയര്‍ച്ചയും അണുകുടുംബത്തിന്‍െറ ജീര്‍ണതയും പ്രവചിച്ചു.

ബഹിരാകാശത്ത് മനുഷ്യര്‍ കോളനികള്‍ സ്ഥാപിക്കുമെന്നും ജലാന്തര്‍ഭാഗത്ത് നഗരങ്ങള്‍ നിര്‍മിക്കുമെന്നും എഴുതി.ഇ-മെയില്‍, ഓണ്‍ലൈന്‍ ചാറ്റിങ് എന്നിവയുടെ വ്യാപനം മുന്‍കൂട്ടി കണ്ട ‘തേഡ് വേവ്’ (1980) ആണ് അദ്ദേഹത്തിന്‍െറ മറ്റൊരു പ്രധാന കൃതി. വ്യവസായയുഗത്തില്‍നിന്ന് വിവര സാങ്കേതിക വിദ്യായുഗത്തിലേക്കുള്ള സമൂഹത്തിന്‍െറ പരിണാമമാണ് അതിന്‍െറ പ്രമേയം.

വിവരങ്ങളുടെ അമിതപ്രവാഹംമൂലം വ്യക്തികള്‍ക്കു ശരിയായ തീരുമാനമെടുക്കാന്‍ പ്രയാസം നേരിടുന്ന സാഹചര്യമുണ്ടാകുമെന്നു കണക്കുകൂട്ടിയ അദ്ദേഹം അതിനെ ‘ഇന്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്’ എന്നാണ് വിളിച്ചത്. 13 പുസ്തകങ്ങള്‍ രചിച്ച ടോഫ്ളര്‍ മിക്ക കൃതികളും ഭാര്യ ഹെയ്ദിയുമായി ചേര്‍ന്നാണ് എഴുതിയത്. ‘റവലൂഷനറി വെല്‍ത്ത്’ എന്ന കൃതിയാണ് അവസാനമായി എഴുതിയത്. 1928 ഒക്ടോബര്‍ 13ന് ന്യൂയോര്‍ക് സിറ്റിയിലായിരുന്നു ജനനം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.