വംശവെറിക്കെതിരെ വാഷിങ്ടണിലേക്ക് മാര്‍ച്ച്

അലബാമ: പൗരാവകാശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വംശീയ അക്രമങ്ങള്‍ക്കെതിരെ അലബാമയിലെ സെല്‍മയില്‍നിന്ന് വാഷിങ്ടണിലേക്ക് നടത്തുന്ന 40 ദിന മാര്‍ച്ച് തുടങ്ങി. 50 വര്‍ഷം മുമ്പ് വോട്ടവകാശത്തിന് വേണ്ടി സമരംചെയ്തവരെ അടിച്ചൊതുക്കിയ സ്ഥലമാണ് അലബാമയിലെ സെല്‍മ. 200ലധികം പേരാണ് ആദ്യഘട്ടത്തില്‍ പങ്കെടുക്കുന്നത്. ജോര്‍ജിയ, സൗത് കരോലൈന്‍, നോര്‍ത് കരോലൈന്‍, വിര്‍ജീനിയ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തുന്ന മാര്‍ച്ച് 1300 കിലോമീറ്ററില്‍ അധികം സഞ്ചരിച്ച് സെപ്റ്റംബര്‍ 16ന് വാഷിങ്ടണ്‍ ഡി.സിയിലത്തെിച്ചേരും.
നീതിക്കായുള്ള യാത്ര എന്ന് പേരിട്ടിരിക്കുന്ന മാര്‍ച്ചില്‍ ആയിരങ്ങളെ പങ്കെടുപ്പിക്കാനാകുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.
1965ലെ വോട്ടവകാശത്തിന് നടന്ന റാലി 87 കിലോമീറ്ററായിരുന്നു. അത് സെല്‍മയിലെ എഡ്മണ്ട് പെറ്റുസ് പാലത്തിലത്തെിയപ്പോള്‍ കണ്ണീര്‍വാതകവും ലാത്തിയുമായി അടിച്ചമര്‍ത്തുകയായിരുന്നു. രക്ത ഞായര്‍ എന്നാണ് ആ ദിവസത്തെ അറിയപ്പെടുന്നത്. എന്നാല്‍ 1965ല്‍തന്നെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിലാണ് കലാശിച്ചത്.
അടുത്തിടെ പൊലീസ് അക്രമണത്തിനിടെ കറുത്ത വംശജര്‍ കൊല ചെയ്യപ്പെട്ടതും കുര്‍ബാനക്കിടെ പള്ളിയാക്രമിച്ച് നിരവധിപേര്‍ കൊല്ലപ്പെട്ടതും അമേരിക്കയില്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.