ന്യൂഡൽഹി: ''മതനിന്ദ പുറത്തുകൊണ്ടുവന്ന ഞാൻ ഇപ്പോൾ ജയിലിലും മതനിന്ദ നടത്തിയവർ പുറത്തുമാണ്''- ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ആണ് സുബൈറിനായി ഈ വാദമുഖങ്ങൾ മുന്നോട്ടുവെച്ചത്.
വിദ്വേഷ പ്രചാരകരെ തുറന്നുകാണിച്ച സുബൈർ ജയിലിലും വിദ്വേഷ പ്രചാരകർ ജാമ്യത്തിലുമാണെന്ന വസ്തുത കോളിൻ സുപ്രീംകോടതിയെ ഓർമിപ്പിച്ചു. മതനിന്ദ നിർത്താനും മതങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്നത് നിർത്താനുമാണ് സുബൈർ പരിശ്രമിച്ചത്. മതേതരത്വം പ്രോത്സാഹിപ്പിക്കുകയും മതനിന്ദ തടയണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. മതനിന്ദ നടത്തിയവരെ പുറത്തുകൊണ്ടുവന്നത് എങ്ങനെ മതനിന്ദയാകുമെന്ന് ഗോൺസാൽവസ് ചോദിച്ചു.
ഭരണഘടനക്കും നിയമവ്യവസ്ഥക്കും സുപ്രീംകോടതിക്കും വേണ്ടി നിലകൊണ്ടതിനും അതിനെതിരെ സംസാരിച്ചത് പുറത്തുകൊണ്ടുവന്നതിനാണ് സുബൈറിനെ ജയിലിലടച്ചത്. യതി നരസിംഗാനന്ദ അടക്കമുള്ളവർ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ കുറിച്ചാണ് സുബൈർ ട്വീറ്റ് ചെയ്തത്. ആ വിദ്വേഷപ്രസംഗങ്ങളുടെ പേരിൽ അവർ അറസ്റ്റിലാകുകയും ചെയ്തതാണ്. സുബൈർ ഭരണഘടനയുടെ കാവലാളാവുകയായിരുന്നു.
അതിനാൽ മതനിന്ദ കുറ്റം നിലനിൽക്കില്ല. അശ്ലീലമായ കാര്യം പ്രസിദ്ധപ്പെടുത്തി എന്ന വകുപ്പാണ് മറ്റൊന്ന്. അതും നിലനിൽക്കില്ല. സുബൈറിന്റെ ഫോണും മറ്റും പൊലീസ് കസ്റ്റഡിയിലാണ്. പിന്നെന്തിനാണ് അന്വേഷണമെന്നു പറഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകുന്നത് എന്ന് കോളിൻ ചോദിച്ചു.
അതേസമയം താൻ യതി നരസിംഗാനന്ദയെ പ്രതിരോധിക്കുന്നില്ല എന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. എന്നാൽ സുബൈർ ക്രമസമാധാനം തകർക്കാൻ നോക്കി എന്ന് മേത്ത ആരോപിച്ചു.
സുബൈർ മറ്റെന്തെങ്കിലും പറഞ്ഞോ എന്ന് സുപ്രീംകോടതി ചോദിച്ചപ്പോൾ പറഞ്ഞിട്ടുണ്ടെന്നും സമൂഹത്തെ വൈകാരികമാക്കാനും അസ്ഥിരപ്പെടുത്താനുമുള്ള സിൻഡിക്കേറ്റിന്റെ ഭാഗമാണെന്നും തുഷാർ മേത്ത പ്രതികരിച്ചു. എന്നാൽ അവ തങ്ങൾക്ക് മുന്നിലില്ലാത്ത കാര്യം ബെഞ്ച് ചൂണ്ടിക്കാട്ടിയപ്പോൾ സോളിസിറ്റർ ജനറലിന് മറുപടിയില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.