തെലങ്കാന: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗ് മോഹൻ റെഡ്ഡിയുടെ സഹോദരിയും മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്. ശർമിളയുടെ യുവജന ശ്രമിക റിതു തെലങ്കാന പാർട്ടി (വൈ.എസ്.ആർ.ടി.പി) കോൺഗ്രസിൽ ലയിക്കുന്നു. പാർട്ടി സ്ഥാപകദിനമായ ജൂലൈ എട്ടിന് ലയനം നടക്കുമെന്നാണ് സൂചന.
ലയനം സംബന്ധിച്ച അന്തിമ ചർച്ചകൾക്കായി സോണിയ ഗാന്ധി ഉൾപ്പെടെ കോൺഗ്രസ് നേതാക്കളെ കാണാൻ വ്യാഴാഴ്ച ശർമിള ഡൽഹിയിലെത്തും.തെലങ്കാനയിൽ പ്രവർത്തിക്കാനാണ് ശർമിളക്ക് താൽപര്യമെങ്കിലും സഹോദരൻ ആധിപത്യം പുലർത്തുന്ന ആന്ധ്രപ്രദേശിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.
എന്നാൽ, ശർമിള തെലങ്കാനയിൽ തുടരുമെന്ന് വൈ.എസ്.ആർ.ടി.പി വക്താവ് കൊണ്ട രാഘവ റെഡ്ഡി പറഞ്ഞു. ലയനം നിരുപാധികമാണെന്നും നേതാക്കൾക്ക് കോൺഗ്രസിലെ പദവി സംബന്ധിച്ച് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശർമിളയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ടി.പി.സി.സി) പ്രസിഡന്റ് എ. രേവന്ത് റെഡ്ഡി പറഞ്ഞു.
എന്നാൽ, സംസ്ഥാന പാർട്ടി ഘടകത്തിൽ അവർക്ക് നേതൃസ്ഥാനം നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ പ്രതികരിക്കാൻ സമയമായില്ലെന്ന് ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി(അധ്യക്ഷൻ ജി. രുദ്ര രാജു പറഞ്ഞു. 2021 ജൂലൈ എട്ടിനാണ് ശർമിള വൈ.എസ്.ആർ.ടി.പി സ്ഥാപിച്ചത്. എന്നാൽ, പാർട്ടിക്ക് തെലങ്കാനയിൽ കാര്യമായ വേരോട്ടമുണ്ടാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.