മാഫിക്കിന്റെ ഭാര്യ ഹസീന ബീഗം, മകൻ ഹഫീസ്, മകൾ ടാനിയ ഖാത്തൂൻ എന്നിവരുമായി യൂത്ത് ലീഗ് ദേശീയ ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ.ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ, പശ്ചിമ ബംഗാൾ സംസ്ഥാന മുസ്‍ലിം ലീഗ് പ്രസിഡന്റ് അബുൽ ഹസൻ മൊല്ല എന്നിവർ സംസാരിക്കുന്നു
കൊൽക്കത്ത: ഡൽഹി ജന്ദർ മന്ദറിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ മകൻ ഷെയ്ഖ് ഹഫീസ് പങ്കെടുത്തതിന്റെ പേരിൽ കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലെ മുഹമ്മദ് മാഫിക്കിന്റെ കുടുംബത്തിന് പിന്തുണയുമായി യൂത്ത് ലീഗ്. ദേശീയ ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ ഷിബു മീരാൻ, ദേശീയ സെക്രട്ടറി സി.കെ. ശാക്കിർ, പശ്ചിമ ബംഗാൾ സംസ്ഥാന മുസ്‍ലിം ലീഗ് പ്രസിഡന്റ് അബുൽ ഹസൻ മൊല്ല എന്നിവർ വസതിയിലെത്തി.
ബി.ജെ.പിയുടെയും ബി.ജെ.പി സർക്കാരിന്റെയും മനുഷ്യത്വ രഹിത നടപടിക്കെതിരെയും നീതിക്കായുള്ള പോരാട്ടത്തിലും യൂത്ത് ലീഗ് കൂടെയുണ്ടാവുമെന്ന് മാഫിക്കിന്റെ ഭാര്യ ഹസീന ബീഗം, മകൻ ഹഫീസ്, മകൾ ടാനിയ ഖാത്തൂൻ എന്നിവർക്ക് നേതാക്കൾ ഉറപ്പ് നൽകി.
കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കലാശിച്ച സമരത്തിൽ മകൻ പങ്കെടുത്തതിന്റെ പേരിൽ പിതാവിനെ അരുംകൊല ചെയ്ത സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം ശക്തമാവുകയാണ്.
ഡൽഹി ജന്ദർ മന്ദറിൽ നടന്ന വിദ്യാർഥി സമരത്തിൽ അബ്ദുൽ ഹഫീസ് സജീവമായി പങ്കെടുത്തിരുന്നു. സമരവസാനിച്ച് ഗ്രാമത്തിൽ മടങ്ങിയെത്തിയതു മുതൽ പ്രദേശത്തെ ബി.ജെ.പി പ്രവർത്തകരിൽനിന്ന് കടുത്ത ഭീഷണിയാണ് നേരിടേണ്ടി വന്നത്. സി.ജെ.പി ആഹ്വാനം ചെയ്ത സ്കൂൾ ടീക് കരോ ക്യാമ്പയിന്റെ ഭാഗമായി താൻ പൂർവ്വ വിദ്യാർഥിയായ കരിസുണ്ട പശ്ചിംപാര സ്കൂളിലെത്തിയ ഹഫീസ് സ്കൂളിലെ യഥാർഥ അവസ്ഥ അധ്യാപകരോടും വിദ്യാർഥികളോടും ചോദിച്ചറിയാനും വീഡിയോ ചിത്രീകരിക്കാനും ശ്രമിച്ചിരുന്നു. ഇതറിഞ്ഞ് പ്രകോപിതരായ ബി.ജെ.പി പ്രവർത്തകർ രാത്രിയോടെ വീടിന് മുന്നിൽ തടിച്ച് കൂടുകയായിരുന്നു.
ഫോൺ തട്ടിയെടുത്ത് അക്രമി സംഘം ഹഫീസിനെ മർദ്ദിക്കാൻ ശ്രമിക്കുന്നതിനിടെ പിതാവ് മാഫിക് ഓടിയെത്തി മകനെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഇരുമ്പുവടികളുമായെത്തിയ അക്രമി സംഘം ക്രൂരമായി മാഫിക്കിനെ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ മാഫിക്കിനെ മണിക്കൂറുകൾക്ക് ശേഷം പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.
പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച മാഫിക്കിനെ ആരോഗ്യ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ബർദവാൻ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ആഗസ്ത് 15ന് രാത്രി മരണത്തിന് കീഴടങ്ങുകയായിരുന്നു.
പിതാവിനെ കൊന്നതിന്റെ പേരിൽ നഷ്ടപരിഹാരമല്ല വേണ്ടതെന്നും അദ്ദേഹത്തിന്റെ പേരിൽ ഗ്രാമത്തിൽ ഒരു സ്കൂൾ സ്ഥാപിക്കുകയാണ് വേണ്ടതെന്ന ഹഫീസിന്റെ നിലപാട് ദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു. വീട്ടിലെ സാമ്പത്തിക പരാധീനതയെ തുടർന്ന് ഡിഗ്രി പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നയാളാണ് ഹഫീസ്. സഹോദരി കോളജ് വിദ്യാർഥിനിയാണ്.
സ്വന്തം ഗ്രാമത്തിൽ മെച്ചപ്പെട്ട ഒരു സ്കൂൾ സ്വപ്നം കണ്ടതിന്റെ പേരിൽ സ്വാതന്ത്ര്യ ദിനത്തിൽ സ്വന്തം പിതാവിന്റെ അരും കൊല നേരിൽ കാണേണ്ടി വന്ന ഹഫീസിനൊപ്പം നീതിക്കായുള്ള പോരാട്ടത്തിൽ എല്ലാ പിന്തുണയുമായി മുസ്‍ലിം യൂത്ത് ലീഗ് കൂടെ നിൽക്കുമെന്ന് നേതാക്കൾ ഉറപ്പ് നൽകി. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കൃത്യമായ അന്വേഷണം നടക്കണം. രാജ്യമാകെ അലയടിച്ചുയരുന്ന വിദ്യാർഥി യുവജന രോഷത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് നേതാക്കൾ പറഞ്ഞു.
വിയോജിച്ചതിനും അവകാശം ചോദിച്ചതിനും മനുഷ്യരുടെ ജീവനെടുക്കുന്ന ഭീകരത പശ്ചിമ ബംഗാളിലും ആരംഭിച്ചു എന്നതിന്റെ തെളിവാണ് മാഫിക്കിന്റെ രക്തസാക്ഷിത്വമെന്ന് അഡ്വ. ഷിബു മീരാൻ പറഞ്ഞു. കുട്ടികൾക്ക് വിദ്യാഭ്യാസവും യുവാക്കൾക്ക് തൊഴിലും നിഷേധിച്ച് വർഗീയ അജണ്ടകളിൽ അഭിരമിക്കുന്ന ബി.ജെ.പി കകെതിരെ നടക്കുന്ന സമരങ്ങളാടൊപ്പം യൂത്ത് ലീഗ് നിലയുറപ്പിക്കും.
നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുഹമ്മദ് മാഫിക്കിന്റെ കുടുംബം ആവശ്യപ്പെടുന്ന എല്ലാ സഹായവും പിന്തുണയുമായി കൂടെയുണ്ടാകുമെന്നും അദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.