അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി സർക്കാർ ആശുപത്രിയിലെ ശിശുക്കളുടെ തീവ്രപരിചരണ യൂനിറ്റിലുണ്ടായ (എൻ.ഐ.സി.യു) തീപിടിത്തത്തിൽ മൂന്ന് നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് അപകടം. ആശുപത്രിയിലെ എൻ.ഐ.സി.യു വെന്റിലേറ്ററിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോർട്ടുണ്ട്.
സംഭവത്തിന് ശേഷം അമരാവതി ജില്ലാ വനിതാ ആശുപത്രിയിലെ എൻ.ഐ.സി.യുവിലുണ്ടായിരുന്ന മറ്റ് 36 നവജാത ശിശുക്കളെ രക്ഷപ്പെടുത്തിയതായി അമരാവതി പൊലീസ് കമ്മീഷണർ രാകേഷ് ഒല പറഞ്ഞു. മാസം തികയാതെ പിറന്നതും ഗുരുതരാവസ്ഥയിലുള്ളവരുമായ കുഞ്ഞുങ്ങളായിരുന്നു എൻ.ഐ.സി.യുവിലുണ്ടായിരുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭ്യമാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചു. ആറ് ശിശുക്കളെ ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൂടുതൽ ചികിത്സയ്ക്കായി ചില ശിശുക്കളെ ഡിവിഷണൽ റെഫറൽ സർവീസസ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ നാല് കുട്ടികൾ ചികിത്സയിലാണെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ബവൻകുലെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.