കൊൽക്കത്ത: ബംഗാളിലെ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി സമർപ്പിച്ച ഹർജി തീർപ്പാക്കി കൽക്കട്ട ഹൈകോടതി. ആവശ്യമായ കെ.വൈ.സി രേഖകൾ ബാങ്കിൽ ഹാജരാക്കിയതിനെ തുടർന്ന്, മരവിപ്പിച്ച ബാങ്ക് അക്കൗണ്ടും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും പുനഃസ്ഥാപിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി.
സുപ്രീം കോടതി വിദേശ ചികിത്സക്കായി അനുമതി നൽകിയ ആഗസ്റ്റ് 10നായിരുന്നു സ്വകാര്യ ബാങ്ക് തന്റെ അക്കൗണ്ടും കാർഡുകളും അനാവശ്യമായി മരവിപ്പിച്ചതെന്ന് അഭിഷേക് ബാനർജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അയാൻ ഭട്ടാചാര്യ കോടതിയിൽ വാദിച്ചു. തുടർന്ന് അഭിഷേകിന്റെ വസതിയിലെത്തിയ ബാങ്ക് ഉദ്യോഗസ്ഥർക്ക് രേഖകൾ കൈമാറിയതോടെയാണ് അക്കൗണ്ട് പ്രവർത്തനം പുനഃസ്ഥാപിച്ചത്.
കെ.വൈ.സി പുതുക്കുന്നതിനായി ഇടപാടുകാർക്ക് മുൻകൂട്ടി നോട്ടീസ് നൽകുകയാണ് വേണ്ടതെന്നും, തുടക്കത്തിൽ തന്നെ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകൾ ബ്ലോക്ക് ചെയ്യരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് കൃഷ്ണ റാവു നിരീക്ഷിച്ചു. ഇടപാടുകാരൻ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ മാത്രമേ ബാങ്കുകൾക്ക് ഇത്തരം നടപടികളിലേക്ക് കടക്കാനാവൂ എന്നും കോടതി വ്യക്തമാക്കി.
അതേസമയം, റിസർവ് ബാങ്ക് മാർഗനിർദേശങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഇടപാടുകാരനെ ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബാങ്കിന്റെ അഭിഭാഷക വ്യക്തമാക്കി. ഹൈ റിസ്ക് ഫാക്ടർ അടങ്ങിയ തേഡ് പാർട്ടി വിവരങ്ങളുടെ അടിസ്ഥാനത്തിൽ സെൻട്രൽ ടീമാണ് അക്കൗണ്ട് തടഞ്ഞതെന്നും, എൻഫോഴ്സ്മെന്റ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസുകളുമായി ബന്ധപ്പെട്ട് പേരും പാൻ നമ്പറും വിവരങ്ങളും ലിങ്ക് ചെയ്യപ്പെട്ടിരുന്നതിനാലാണ് ഇമെയിൽ വഴി അറിയിപ്പ് നൽകി നടപടിയെടുത്തതെന്നും ബാങ്ക് കോടതിയെ അറിയിച്ചു. റിമൈൻഡറുകൾ നൽകിയ ശേഷം ഘട്ടംഘട്ടമായി മാത്രമേ ഭാഗികമായി അക്കൗണ്ടുകൾ മരവിപ്പിക്കാവൂ എന്ന ആർ.ബി.ഐ ചട്ടം ബാങ്ക് ലംഘിച്ചതായി അഭിഷേകിന്റെ അഭിഭാഷകനും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.