ബി.ജെ.പിയെ അപ്രസക്തമാക്കുന്നതുവരെ പോരാട്ടം തുടരും; രാഷ്ട്രീയ 'സന്യാസ'മില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ലെന്നും ബി.ജെ.പിയെ രാഷ്ട്രീയമായി അപ്രസക്തമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. തിങ്കളാഴ്ച ഫേസ്ബുക്ക് ലൈവിലൂടെയാണ് മമത നിലപാട് വ്യക്തമാക്കിയത്.

സർക്കാർ മാറി നാല് മാസത്തിനുള്ളിൽ തന്നെ ബി.ജെ.പിയുടെ യഥാർഥ മുഖം സംസ്ഥാനത്തെ ജനങ്ങൾ തിരിച്ചറിഞ്ഞതായും അവർ അവകാശപ്പെട്ടു. സെൻസസ് നടപടിയിലൂടെ ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പാക്കാനുള്ള ‘പിന്നാമ്പുറ ശ്രമം’ നടക്കുകയാണെന്നും മമത ആരോപിച്ചു.

രാഷ്ട്രീയ പാർട്ടികളുമായി കൂടിയാലോചിക്കാതെയാണ് സെൻസസ് നടപ്പാക്കുന്നത്. സെൻസസ് ഫോമുകളിൽ ഒപ്പിടുന്നതിലും വ്യക്തിഗത വിവരങ്ങൾ കൈമാറുന്നതിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മമത മുന്നറിയിപ്പ് നൽകി.

സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതിയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതിനെതിരായ പ്രതിഷേധങ്ങൾക്കിടയിലും മമത ബി.ജെ.പി സർക്കാരിനെ വിമർശിച്ചു. അർഹതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗുണഭോക്താക്കളുടെ എണ്ണം കുറക്കുകയാണെന്ന് അവർ ആരോപിച്ചു.

സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുന്നതിനാണ് തങ്ങൾ ലക്ഷ്മിർ ഭണ്ഡാർ പദ്ധതി ആരംഭിച്ചതെന്നും, എന്നാൽ അന്നപൂർണ ഭണ്ഡാറിന്റെ ആനുകൂല്യം നൽകുന്നതിൽ ബി.ജെ.പി സർക്കാർ മതവും ജാതിയും പരിഗണിക്കുകയാണെന്നും മമത പറഞ്ഞു.

ജാദവ്പൂർ സർവകലാശാലയിൽ എ.ബി.വി.പി-ഇടതുപക്ഷ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിലും ബി.ജെ.പിക്കെതിരെ ആരോപണമുന്നയിച്ചു. ക്യാമ്പസിലെ അക്രമങ്ങൾക്ക് ബി.ജെ.പി നേതൃത്വം നൽകുകയാണെന്നും അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും വിദ്യാർഥികളെ ബഹുമാനിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

വോട്ടർ പട്ടികയിൽ എസ്.ഐ.ആർ നടപടിയിലൂടെ ലക്ഷക്കണക്കിന് യഥാർഥ വോട്ടർമാരുടെ പേരുകൾ നിയമവിരുദ്ധമായി നീക്കം ചെയ്തതായും മമത ആരോപിക്കുന്നു. ആവശ്യമായാൽ ഇവരെ വീണ്ടും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Will continue fight until BJP becomes irrelevant; no political sanyas, says Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.