ന്യൂഡൽഹി: ജൂലൈ 25-ന് നൽകിയ ഉറപ്പുകളിൽ നിന്ന് കേന്ദ്ര സർക്കാരും എൻ.ഡി.എ ഭരണകൂടവും പിന്നാക്കം പോയതോടെ രാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). സെപ്റ്റംബർ 5-ന് ഇന്ത്യ ഗേറ്റിൽ നിന്ന് ആരംഭിച്ച് ഡൽഹി പൊലീസ് ആസ്ഥാനത്തേക്ക് സമാധാനപരമായ കൂറ്റൻ പ്രതിഷേധ മാർച്ച് നടത്തുമെന്ന് സി.ജെ.പി ദേശീയ വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം നൽകിയ വാഗ്ദാനങ്ങൾ വിശ്വസിച്ച് യുവാക്കൾ സമരം പിൻവലിച്ചിട്ടും, അത് നടപ്പിലാക്കുന്നതിന് പകരം കേന്ദ്ര സർക്കാർ സാങ്കേതികത്വങ്ങൾ പറഞ്ഞ് സമയം നീട്ടിക്കൊണ്ടുപോവുകയാണെന്ന് യോഗം വിലയിരുത്തി. തങ്ങളുടെ ക്ഷമയെ ബലഹീനതയായി കാണരുതെന്നും ഒരു തലമുറയുടെ വിശ്വാസത്തെ ചതിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കിയ പാർട്ടി, മരണപ്പെട്ട നീറ്റ് ഇരകളുടെ കുടുംബങ്ങളെയും പോലീസ് അതിക്രമത്തിന് ഇരയായവരെയും മുന്നിൽ നിർത്തിയായിരിക്കും സെപ്റ്റംബർ 5-ന്റെ പ്രതിഷേധം സംഘടിപ്പിക്കുകയെന്ന് അറിയിച്ചു.
വിദ്യാർത്ഥികളും യുവജന സംഘടനകളും ഉൾപ്പെടെ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾ അണിനിരക്കുന്ന സമരം തികച്ചും ജനാധിപത്യപരവും അഹിംസാത്മകവുമായിരിക്കുമെന്നും, കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പൂർണ്ണമായി പാലിക്കും വരെ പോരാട്ടം തുടരുമെന്നും സി.ജെ.പി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.