പഞ്ചാബ്: പഞ്ചാബിൽ യുവ മോഡലിനെ ദുരൂഹ സാഹചര്യത്തിൽ കാറിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സോഷ്യൽ മീഡിയയിൽ വിവാദ വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്ന ‘കമൽ കൗർ ഭാഭി’ എന്നറിയപ്പെടുന്ന കാഞ്ചൻ കുമാരിയാണ് കൊല്ലപ്പെട്ടത്. ബതിൻഡ പ്രവിശ്യയിലെ ആദേശ് യൂനിവേഴ്സിറ്റിക്ക് സമീപം ജൂൺ 11ന് കാറിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് രണ്ട് ദിവസത്തിന് ശേഷം രണ്ട് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു.
ഒന്നാം പ്രതി നിഹാങ് അമൃത്പാൽ സിംഗ് മെഹ്‌റോൺ സംഭവത്തിന് ശേഷം യു.എ.ഇയിലേക്ക് കടന്നതായി സംശയിക്കുന്നു. അധാർമികവും അശ്ലീലവുമായ ഉള്ളടക്കം മൂലമാണ് കൊലപാതകമെന്ന് പ്രതി മെഹ്‌റോൺ അവകാശപ്പെടുന്ന ഒരു വിഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. ഇവർക്ക് 384,000 ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും 236,000 യൂട്യൂബ് സബ്‌സ്‌ക്രൈബർമാരും ഉണ്ടായിരുന്നു. . കമൽ കൗറിന്റെ തുടകളിലും സ്വകാര്യ ഭാഗങ്ങളിലും സംശയാസ്പദമായ പാടുകൾ കണ്ടെത്തിയെങ്കിലും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ജൂൺ ആദ്യവാരം ബട്ടിൻഡയിൽ ഒരു കാർ പ്രൊമോഷൻ പരിപാടിയുടെ പേരിൽ തീവ്ര സിഖ് നേതാവായ മെഹ്‌റോൺ കൗറിനെ സമീപിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. ജൂൺ 12ന് സിവിൽ ആശുപത്രിയിൽ സർക്കാർ നിയോഗിച്ച മൂന്ന് ഡോക്ടർമാരുടെ പാനലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.
മരണത്തിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിർണയിക്കാൻ പോസ്റ്റ്‌മോർട്ടത്തിനിടെ ശേഖരിച്ച സ്വാബ്, ആന്തരാവയവ സാമ്പിളുകൾ എന്നിവ കൂടുതൽ വിശകലനത്തിനായി ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.
ജൂൺ ഒമ്പതിന് ലുധിയാനയിലെ തന്റെ വീട്ടിൽ നിന്ന് നേരത്തേ നിശ്ചയിക്കപ്പെട്ട ഒരു പരിപാടിക്കായി പോയ അവർ പിന്നീട് അപ്രത്യക്ഷയാവുകയായിരുന്നു. മെഹ്‌റോൺ മൂന്നു മാസം മുമ്പേ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയെ യു.എ.ഇയിൽ നിന്ന് നാട്ടിലെത്തിക്കുന്നതിന് അന്താരാഷ്ട്ര ഏജൻസികളുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.