അഖിലേഷ് യാദവിന്‍റെ മകൾക്കെതിരായ സമൂഹമാധ‍്യമങ്ങളിലെ അധിക്ഷേപ പോസ്റ്റിനെ അപലപിച്ച് യോഗി ആദിത്യനാഥ്

ലഖ്‌നോ: സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സമൂഹമാധ‍്യമ അധിക്ഷേപപോസ്റ്റുകളെ അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മകൾ ആരുടേതായാലും അവർ വിവാദങ്ങളുടെ ഭാഗമാകരുതെന്ന് വ്യക്തമാക്കിയ അദ്ദേഹം സമൂഹമാധ‍്യമത്തിലെ വ്യാജവും ദുരുദ്ദേശ്യപരവുമായ കമന്‍റുകളെ ശക്തമായി വിമർശിച്ചു. യു.പിയിൽ നടന്ന വികസപദ്ധതികളുടെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.

പെൺമക്കൾക്കെതിരെയുള്ള ആക്ഷേപകരവും മോശവുമായ പരാമർശങ്ങൾ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതും ക്ഷമിക്കാനാവാത്തതുമാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. `അഖിലേഷ് യാദവ് ജിയുടെ മകൾക്കെതിരെ ചിലർ സമൂഹമാധ‍്യമത്തിൽ അധിക്ഷേപം നടത്തുന്നത് അടുത്തിടെ എന്‍റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇതിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഞാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മകൾ മകൾ തന്നെയാണ്. ഒരു ഗ്രാമത്തിലെ മകൾ എല്ലാവരുടെയും മകളാണെന്നും ഒരു ഗ്രാമത്തിലെ സഹോദരി എല്ലാവരുടെയും സഹോദരിയാണെന്നുമുള്ള മൂല്യങ്ങൾ ഉൾക്കൊണ്ടാണ് നമ്മൾ വളർന്നത്. നമ്മൾ ഒരിക്കലും ഇതിൽ വിവേചനം കാണിച്ചിട്ടില്ല' അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് യോഗി ആദിത്യനാഥിന്റെ ഈ പ്രതികരണം. സമൂഹമാധ‍്യമത്തിൽ പ്രചരിക്കുന്ന അപകീർത്തികരമായ പോസ്റ്റുകൾക്കെതിരെ എസ്.പി നേതാക്കൾ പരാതി നൽകിയതിന് തുടർന്നാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Tags:    
News Summary - Yogi Adityanath condemns social media posts abusing Akhilesh Yadav's daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.