'സുപ്രീംകോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്'; ഇൻഡ്യ സഖ്യത്തിന്‍റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്

ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളെയും ഇതിനെതിരെ പൊലീസ് നടത്തിയ അക്രമണങ്ങളെയും തുടർന്നുണ്ടായ സംഭവവികാസങ്ങളിൽ സുപ്രീംകോടതിയെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. സുപ്രീംകോടതിയെ തടസ്സവാദങ്ങളുടെയും സംഘർഷങ്ങളുടെയും വേദിയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കർശനമായ ഭാഷയിൽ ഓർമ്മിപ്പിച്ചു. രാജ്യതലസ്ഥാനത്ത് പ്രതിഷേധങ്ങളും പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളും ശക്തമായി തുടരുന്നതിനിടയിലാണ് കോടതിയുടെ ഈ സുപ്രധാന പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

കോടതിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും അഭിഭാഷകർ, കോടതി ജീവനക്കാർ, വ്യവഹാരികൾ എന്നിവരുടെ യാത്രാസ്വാതന്ത്ര്യത്തിനും യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകരുതെന്ന് ജസ്റ്റിസ് സൂര്യ കാന്ത് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്‌.സി.ബി.എ) പ്രസിഡന്റും മുതിർന്ന അഭിഭാഷകനുമായ പ്രദീപ് റായിയോട് വ്യക്തമാക്കി. അഭിഭാഷകർക്കും പൗരന്മാർക്കും ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ അവകാശമുണ്ടെന്നും എന്നാൽ അതത് നിശ്ചിത സ്ഥലങ്ങളിൽ മാത്രമേ പ്രക്ഷോഭങ്ങൾ നടത്താവൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടികളും ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയതും ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പുതിയ ഹരജികളാണ് കോടതിയുടെ പരിഗണനക്കായി എത്തിയത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കുന്നുവെന്നും ചില മുതിർന്ന അഭിഭാഷകർക്ക് പോലും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഹരജിക്കാർ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ഈ വിഷയങ്ങളിൽ കൂടുതൽ പ്രതികരിക്കാൻ ചീഫ് ജസ്റ്റിസ് തയാറായില്ല. കോടതിയുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സ്ഥാപനത്തെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിടരുതെന്നും അദ്ദേഹം ആവർത്തിച്ചു.

Tags:    
News Summary - Supreme Court should not be dragged into politics Chief Justice Surya Kant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.