‘ജനാധിപത്യത്തിനായി, നീതിക്കായി...’; സുപ്രീംകോടതി മാർച്ചുമായി ഇൻഡ്യ സഖ്യം മുന്നോട്ട്, രാഹുൽ മാധ്യമങ്ങളെ കാണുന്നു
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂടികാഴ്ചക്ക് അനുമതി നിഷേധിച്ചെങ്കിലും സുപ്രീംകോടതി മാർച്ചുമായി ഇൻഡ്യ സഖ്യം മുന്നോട്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഇന്ന് വൈകീട്ട് കൊണാട്ട് പ്ലേസിൽനിന്ന് സുപ്രീംകോടതിയിലേക്ക് ആരംഭിക്കുന്ന ‘ചലോ ഡൽഹി’ പ്രതിഷേധ മാർച്ചിൽ നേതാക്കളോട് അണിനിരക്കാൻ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഹ്വാനം ചെയ്തു.
ഇൻഡ്യ സഖ്യ നേതാക്കളുമായുള്ള കൂടികാഴ്ചക്ക് ചീഫ് ജസ്റ്റിസ് അനുമതി നൽകാത്ത സാഹചര്യത്തിലും പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സമരവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി ഇന്ന് ഉച്ചക്ക് വാർത്തസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. “ജനാധിപത്യത്തിനായി മാർച്ച് ചെയ്യുക. നീതിക്കായി മാർച്ച് ചെയ്യുക. ചലോ ഡൽഹി” -രാഹുൽ എക്സിൽ കുറിച്ചു. ജനങ്ങൾ സ്വമേധയാ സമരത്തിൽ പങ്കുചേരണമെന്ന് കോൺഗ്രസ് എം.പി ഇംറാൻ മസൂദ് അഭ്യർഥിച്ചു. “ഞങ്ങൾ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. പാർട്ടി നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കും. ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരികയാണ്. എല്ലായിടത്തും സ്വാഭാവികമായി ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭമാണിത്.” -അദ്ദേഹം വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഡൽഹി ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധമായി ഇന്നത്തെ ദിവസം ചരിത്രത്തിന്റെ സുവർണാക്ഷരങ്ങളിൽ രേഖപ്പെടുത്തുമെന്ന് കോൺഗ്രസ് എം.പി ജെബി മേത്തർ പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മധ്യ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഡൽഹി പൊലീസിനൊപ്പം ദ്രുത കർമ സേന, കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സ് എന്നിവരെയും വിന്യസിച്ചു. ആറു മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. നിലവിലെ സാഹചര്യത്തിൽ കൂടിക്കാഴ്ച അനുവദിക്കുന്നത് അനുചിതമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. നിവേദനം സമർപ്പിക്കുന്നതിന് പകരം, വിഷയത്തിൽ ഔദ്യോഗികമായി ഹരജി ഫയൽ ചെയ്ത് കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.
വിഷയം ഇതിനകം തന്നെ കോടതിയുടെ പരിഗണനയിലായതിനാൽ, ഭരണപരമായ ഇടപെടലിലൂടെ പരിഹരിക്കുന്നതിന് പകരം നിയമപരമായ നടപടിക്രമങ്ങളിലൂടെ മുന്നോട്ടുപോകണമെന്നാണ് ചീഫ് ജസ്റ്റിസ് അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പേരിൽ ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കുമെന്നും അതിലൂടെ ചില ആവശ്യങ്ങൾ ഉന്നയിക്കുമെന്നുാണ് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയത്. ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യം നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.