‘ഡൽഹിയെ ജയിലാക്കി മാറ്റി, ഗുണ്ടകളെ ഉപയോഗിച്ച് തല്ലിച്ചതക്കുന്നു...’; ഗ്യാനേഷ് രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നതിൽ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഡൽഹിയിൽ എത്തുന്നവരെ പൊലീസ് തടയുകയാണെന്നും പൂർണമായി ജയിലാക്കി മാറ്റിയെന്നും രാഹുൽ ആരോപിച്ചു. പ്രതിഷേധത്തിനിടയിലും ഗ്യാനേഷിനെ സംരക്ഷിക്കുന്നത് കേന്ദ്ര സർക്കാർ തുടരുകയാണെന്നും രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും രാഹുൽ വ്യക്തമാക്കി. “നാലോ അഞ്ചോ ദിവസമായി ജനകീയ പ്രതിഷേധം നടക്കുന്നുണ്ട്. ഡൽഹിയിൽ എത്തുന്നവരെ പൊലീസ് തടകുയാണ്. ഡൽഹിയെ എന്തിനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്? ഇന്ത്യയുടെ തലസ്ഥാന നഗരം എന്തിനാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്?” ന്യൂഡൽഹിയിലെ എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു.
ജനങ്ങളെ ഡൽഹിയിലെത്തുന്നതിൽനിന്ന് തടയുകയാണ്. ട്രെയിനുകളും ബസുകളും റദ്ദാക്കി. ഡൽഹിയെ അവർ ഒരു കോട്ടയാക്കി മാറ്റി. ഏകദേശം 30,000 പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. സർക്കാറിന്റെ ഭാഗത്തുനിന്നുള്ള വലിയ പിഴവാണിത്. ബി.ജെ.പി ഗുണ്ടകളും ആർ.എസ്.എസ് ഗുണ്ടകളും സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ക്രൂരമായി മർദിക്കുകയാണ്. പൊലീസിലെ 50 ശതമാനം ഉദ്യോഗസ്ഥരും തങ്ങളോട് പറയുന്നത് നിങ്ങളുടെ സമരം ന്യായമാണെന്നും മുന്നോട്ടുപോകണമെന്നുമാണ്. എല്ലായിടത്തുനിന്നും തങ്ങൾക്ക് വിവരം ലഭിക്കുന്നുണ്ട്. ഗ്യാനേഷിന് ഉറക്കം നഷ്ടപ്പെട്ടു. ഗ്യാനേഷ് രാജിവെക്കുന്നതുവരെ സമരം തുടരുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
എവിടെ പ്രതിഷേധിക്കുമെന്ന് ചോദിച്ചപ്പോൾ, വീട്ടിൽ പ്രതിഷേധിക്കാനാണ് ഡൽഹി പൊലീസ് പറഞ്ഞത്. വീട്ടിൽ എങ്ങനെയാണ് പ്രതിഷേധിക്കുക? ജന്തർ മന്തറിൽ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവർ സമ്മതിച്ചില്ല. എന്നെ കസ്റ്റഡിയിലെടുത്തു. പിന്നീട് തങ്ങൾ രാജ്ഘട്ടിലേക്ക് പോയി. വിദ്യാർഥികളെയും പ്രതിഷേധിക്കുന്നതിൽനിന്ന് തടഞ്ഞു. ചീഫ് ജസ്റ്റിസിനോട് കൂടിക്കാഴ്ചക്ക് സമയം തേടി. ഹരജി സമർപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്. സുപ്രീംകോടതിയിൽ ഹർജി നൽകി നിയമപരമായ മാർഗം സ്വീകരിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഉച്ചക്കുശേഷം മൂന്നിന് പ്രതിപക്ഷ എം.പിമാർക്കൊപ്പം സുപ്രീംകോടതിയിലെത്തി ഹരജി നൽകുമെന്നും രാഹുൽ പറഞ്ഞു. ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ സമരം അവസാനിപ്പിക്കില്ലെന്നും രാഹുൽ മുന്നറിയിപ്പ് നൽകി.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിലെ 200 ഉദ്യോഗസ്ഥർ പ്രതിപക്ഷവുമായി ബന്ധം പുലർത്തുന്നുണ്ടെന്നും വിവരങ്ങൾ കൈമാറുന്നുണ്ടെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടു. ഇൻഡ്യ സഖ്യ നേതാക്കളുമായുള്ള കൂടികാഴ്ചക്ക് ചീഫ് ജസ്റ്റിസ് അനുമതി നൽകാത്ത സാഹചര്യത്തിലും സുപ്രീംകോടതി മാർച്ചുമായി മുന്നോട്ടുപോകാനാണ് ഇൻഡ്യ സഖ്യ തീരുമാനം. ജനങ്ങൾ സ്വമേധയാ സമരത്തിൽ പങ്കുചേരണമെന്ന് കോൺഗ്രസ് എം.പി ഇംറാൻ മസൂദ് അഭ്യർഥിച്ചു. “ഞങ്ങൾ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്. പാർട്ടി നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കും. ജനങ്ങൾ സ്വമേധയാ മുന്നോട്ടുവരികയാണ്. എല്ലായിടത്തും സ്വാഭാവികമായി ഉയർന്നുവരുന്ന ജനകീയ പ്രക്ഷോഭമാണിത്.” -അദ്ദേഹം വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
ഡൽഹി ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രതിഷേധമായി ഇന്നത്തെ ദിവസം ചരിത്രത്തിന്റെ സുവർണാക്ഷരങ്ങളിൽ രേഖപ്പെടുത്തുമെന്ന് കോൺഗ്രസ് എം.പി ജെബി മേത്തർ പ്രതികരിച്ചു. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മധ്യ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. വിവിധ സ്ഥലങ്ങളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു. ഡൽഹി പൊലീസിനൊപ്പം ദ്രുത കർമ സേന, കേന്ദ്ര റിസർവ് പൊലീസ് ഫോഴ്‌സ് എന്നിവരെയും വിന്യസിച്ചു. ആറു മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടി. നിലവിലെ സാഹചര്യത്തിൽ കൂടിക്കാഴ്ച അനുവദിക്കുന്നത് അനുചിതമെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അനുമതി നിഷേധിച്ചത്. നിവേദനം സമർപ്പിക്കുന്നതിന് പകരം, വിഷയത്തിൽ ഔദ്യോഗികമായി ഹരജി ഫയൽ ചെയ്ത് കോടതിയെ സമീപിക്കാനാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.