'എങ്ങനെയാണ് ഒരാളുടെ വീട്ടിൽ കടന്നുചെല്ലാൻ കഴിയുന്നത്?': നദീം ഖാന്റെ ഹരജിയിൽ ഡൽഹി പൊലീസിനെതിരെ ഹൈകോടതി, നോട്ടീസ് അയച്ചു
ന്യൂഡൽഹി: സെപ്റ്റംബർ 29ന് ജന്തർമന്തറിൽ നടക്കാനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാനായി അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് (എ.പി.സി.ആർ) ദേശീയ സെക്രട്ടറി നദീം ഖാന്റെ വീട്ടിൽ പൊലീസ് പ്രവേശിച്ചതിനെ ചോദ്യം ചെയ്ത് ഡൽഹി ഹൈകോടതി. സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ പൊലീസ് തന്നെ തടങ്കലിലാക്കിയെന്ന നദീം ഖാന്റെ ഹരജിയിലാണ് കോടതിയുടെ വാക്കാലുള്ള പരാമർശം. ജന്തർ മന്തറിൽ നടക്കാനിരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാൻ പൊലീസ് തന്നെ അനധികൃതമായി തടഞ്ഞുവെച്ചെന്നും നിരീക്ഷണത്തിലാക്കിയെന്നുമാണ് ഖാന്റെ ആരോപണം. ഹരജിയിൽ ഡൽഹി പൊലീസിന് കോടതി നോട്ടീസും അയച്ചു.
ആക്ടിങ് ചീഫ് ജസ്റ്റിസ് നിതിൻ വാസുദേവ് സാംബ്രെ, ജസ്റ്റിസ് സഞ്ജയ് ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഹരജിയുടെ പകർപ്പ് മുൻകൂട്ടി നൽകിയിട്ടും എന്തുകൊണ്ടാണ് പൊലീസ് നിലപാട് വ്യക്തമാക്കാത്തതെന്ന് കോടതി ചോദിച്ചു. ‘നിങ്ങൾക്ക് എങ്ങനെയാണ് ഒരു വ്യക്തിയുടെ വീട്ടിൽ കടന്നുകയറാൻ കഴിയുന്നത്? കൃത്യനിർവഹണം നടത്താൻ നിങ്ങൾക്ക് അവകാശമുണ്ട്, എന്നാൽ ഇത്തരത്തിൽ എങ്ങനെ സാധിക്കും? അദ്ദേഹത്തെ തടഞ്ഞുവെക്കാൻ കാരണം എന്താണ്? അനുമതി നിഷേധിക്കുന്നത് നിങ്ങളുടെ അവകാശമാണ്, എന്നാൽ നിയമത്തിൽ ഇത് എവിടെയാണെന്ന് കാണിച്ചുതരൂ,’ - കോടതി ചോദിച്ചു.
എന്നാൽ നദീം ഖാനെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും വിവരങ്ങൾ അന്വേഷിക്കാൻ മാത്രമാണ് ഉദ്യോഗസ്ഥർ അവിടെ പോയതെന്നും മറുപടി നൽകാൻ സമയം വേണമെന്നും ഡൽഹി പൊലീസിന്റെ അഭിഭാഷകൻ അവകാശപ്പെട്ടു. എന്നാൽ പൊലീസിന്റെ ഈ വാദത്തെ നദീം ഖാന്റെ അഭിഭാഷക ഷാരൂഖ് ആലം ശക്തമായി എതിർത്തു. സെപ്റ്റംബർ 29-ന് ഡൽഹി പൊലീസ് ഉദ്യോഗസ്ഥർ നദീം ഖാന്റെ വീട്ടിലും ഓഫീസിലും യാതൊരു നോട്ടീസോ ഉത്തരവോ ഇല്ലാതെ എത്തുകയും രാവിലെ 9:30 മുതൽ വൈകുന്നേരം 5:30 വരെ അദ്ദേഹത്തെ തടഞ്ഞുവെക്കുകയും ചെയ്തതായി ചിത്രങ്ങൾ ചൂണ്ടിക്കാണിച്ച് അവർ കോടതിയെ അറിയിച്ചു. അന്നുമുതൽ അദ്ദേഹത്തിന് നേരെ നിരന്തരമായ നിരീക്ഷണമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വോട്ടർപട്ടികയുടെ തീവ്ര പുനഃപരിശോധനക്കും (എസ്.ഐ.ആർ) ആരാധനാലയങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കുമെതിരെ ജന്തർമന്തറിൽ നടത്താനിരുന്ന സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കുന്നത് തടയാനാണ് പൊലീസ് തടഞ്ഞുവെച്ചതെന്ന് ഹരജിയിൽ പറയുന്നു. യാതൊരു രേഖാമൂലമുള്ള ഉത്തരവുമില്ലാതെ നടത്തിയ ഈ തടഞ്ഞുവെക്കലും നിരീക്ഷണവും അപകീർത്തികരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നാണ് നദീം ഖാന്റെ ആവശ്യം.
പൊലീസിന്റെയും ശഹീൻ ബാഗ് എസ്.എച്ച്.ഒയുടെയും നിർദേശപ്രകാരം ഇനി മുതൽ നദീം ഖാന് ഫോൺ കോളുകൾ വരില്ലെന്ന ഉറപ്പ് കോടതി രേഖപ്പെടുത്തി. തുടർന്ന് പൊലീസിന് നോട്ടീസ് അയച്ച കോടതി, രണ്ട് ആഴ്ചക്കകം സ്റ്റാറ്റസ് റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.