ഡൽഹിയിലെ കൂട്ട അറസ്റ്റിൽ യുഎൻ ആശങ്ക; 'അനാവശ്യ ഇടപെടൽ' എന്ന് തള്ളി ഇന്ത്യ
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന പ്രതിഷേധത്തെ തുടർന്നുള്ള കൂട്ട അറസ്റ്റിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് പ്രകടിപ്പിച്ച ആശങ്ക ഇന്ത്യ തള്ളി. യുഎന്നിന്റെ ആശങ്ക അനാവശ്യവും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ അസ്വീകാര്യമായ ഇടപെടലുമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കോക്ക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ വിദ്യാർത്ഥികളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും മാധ്യമപ്രവർത്തകരും ഉൾപ്പെടെ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ആശങ്കയുണ്ടെന്ന് കാട്ടി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് ശനിയാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.
12 മണിക്കൂറിനിടെ രണ്ടാം തവണയാണ് വിഷയത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കുന്നത്. ആദ്യം ജനീവയിലെ ഇന്ത്യൻ സ്ഥിരം മിഷനാണ് യുഎന്നിന് മറുപടി നൽകിയത്. പിന്നീട് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാളും ഔദ്യോഗികമായി പ്രതികരിച്ചു.
ന്യൂഡൽഹിയിലെ സംഭവങ്ങളെക്കുറിച്ചുള്ള യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസിന്റെ പരാമർശങ്ങൾ കണ്ടു. സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യമാണ് ഇന്ത്യ. ശക്തമായ സ്ഥാപനങ്ങളും സ്വതന്ത്ര നീതിന്യായ വ്യവസ്ഥയും സ്വതന്ത്ര മാധ്യമങ്ങളും അതിനെ സംരക്ഷിക്കുന്നു. പൊതുക്രമവും സുരക്ഷയും പാലിച്ചാണ് പൗരന്മാർ ഈ അവകാശം വിനിയോഗിക്കേണ്ടത്. നിയമപാലകർ നിയമത്തിന് അനുസൃതമായാണ് പ്രവർത്തിച്ചതെന്നും ജയ്സ്വാൾ പറഞ്ഞു.
യുഎന്നിനെതിരെ രൂക്ഷ വിമർശനവും ഇന്ത്യ ഉന്നയിച്ചു. മനുഷ്യാവകാശ വിഷയങ്ങളിൽ യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് തികഞ്ഞ തെരഞ്ഞെടുപ്പ് സമീപനമാണ് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അയൽരാജ്യങ്ങളിലെ പ്രതിഷേധങ്ങൾക്കെതിരായ അക്രമാസക്തമായ നടപടികളും ഫ്രാൻസിലടക്കമുള്ള രാജ്യങ്ങളിലെ പൊലീസ് നടപടികളും യുഎൻ കണ്ടില്ലെന്ന് നടിക്കുകയാണെന്നും, ഇത്തരം ഇരട്ടത്താപ്പ് യുഎന്നിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
അതേസമയം ഡൽഹിയിലെ പ്രകടനങ്ങൾക്ക് മുന്നോടിയായും പ്രകടനത്തിനിടയിലും നിരവധി പേരെ കൂട്ടത്തോടെ തടങ്കലിലാക്കിയതിൽ ആശങ്കയുണ്ടെന്ന് യുഎൻ വക്താവ് തമീൻ അൽ-ഖീത്താൻ പറഞ്ഞു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം പൂർണമായി മാനിക്കണമെന്നും അനാവശ്യമായി കസ്റ്റഡിയിലെടുത്തവരെ ഉടൻ വിട്ടയക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.