പ്രതീകാത്മക ചിത്രം
ഡൽഹി മെട്രോയിലെ സീറ്റ് തർക്കം കൊലപാതകത്തിൽ കലാശിച്ചു; മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മകനും പിടിയിൽ
ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കായി സംവരണം ചെയ്ത സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഡൽഹി മെട്രോക്കുള്ളിൽ യാത്രക്കാരൻ കൊല്ലപ്പെട്ടു. 48കാരനായ പവൻ ശർമയാണ് മരിച്ചത്. സംഭവത്തിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് പ്രതാപ് സിങ് (65), മകൻ സിദ്ധാർത്ഥ് സിങ് (36) എന്നിവരെ ഡൽഹി മെട്രോ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഒക്ടോബർ എട്ടിന് വൈകിട്ടായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്മ ദുർഗാ ദേവിക്കൊപ്പം യമുന വിഹാറിലേക്ക് മടങ്ങുകയായിരുന്നു പവൻ. ഗുഡ്ഗാവിൽ സഹോദരനെ കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം. മുതിർന്ന പൗരൻമാർക്കായി മാറ്റിവെച്ച സീറ്റിലായിരുന്നു ഇരുവരും ഇരുന്നിരുന്നത്. മാണ്ഡി ഹൗസ് സ്റ്റേഷനിൽ നിന്ന് മെട്രോയിൽ കയറിയ പ്രതാപ് സിങും മകനും ഇതേ സീറ്റ് ആവശ്യപ്പെട്ടതോടെ തർക്കം തുടങ്ങി.
തർക്കം മൂത്ത് വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയായിരുന്നു. മെട്രോ സുപ്രീം കോടതി സ്റ്റേഷനിൽ എത്തിയപ്പോഴേക്കും പവൻ ബോധരഹിതനായി വീണു. പ്ലാറ്റ്ഫോം ഒന്നിൽ യാത്രക്കാരൻ കുഴഞ്ഞുവീണെന്ന വിവരം ലഭിച്ച പൊലീസ് ഉടൻ സ്ഥലത്തെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സുപ്രീം കോടതി സ്റ്റേഷൻ എത്തിയപ്പോൾ പ്രതാപ് സിങും മകനും പവൻ ശർമ്മയും അമ്മയുമിരുന്ന സീറ്റ് ആവശ്യപ്പെട്ട് തട്ടിക്കയറുകയായിരുന്നു. അവർ എഴുന്നേറ്റ് കൊടുത്തുവെങ്കിലും പവൻ അവരോട് ഇനി നിങ്ങൾക്ക് ഇവിടെ കിടക്കാം എന്ന് പറഞ്ഞതിനെ തുടർന്ന് പ്രതാപ് സിങ് കോളറിന് പിടിച്ച് അടിക്കുകയായിരുന്നു. തടയാൻ ചെന്ന ദുർഗാ ദേവിയുടെ കൈ പ്രതാപ് സിങ് പിടിച്ചുവെക്കുകയും പ്രതാപ് സിങ്ങിന്‍റെ മകൻ പവനെ മർദ്ദിക്കുകയുമായിരുന്നു.
പവന്റെ അമ്മ ദുർഗാ ദേവി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യയും കൂട്ടുചേർന്നുള്ള ആക്രമണവും ഉൾപ്പെടെയുള്ള ഭാരതീയ ന്യായ സംഹിതയിലെ 105, 3(5) വകുപ്പുകൾ പ്രകാരമാണ് കേസ്. മെട്രോയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാക്ഷികളുടെ മൊഴിയെടുത്തും ശേഷമാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.