ജന്തർ മന്തർ ഇനി സമരവേദിയല്ല, പ്രതിഷേധ വേദി പട്ടികയിൽനിന്ന് ഒഴിവാക്കി ഡൽഹി പൊലീസ്

ന്യൂഡൽഹി: ചരിത്ര പ്രസിദ്ധമായ ജന്തർ മന്തറിനെ ഡൽഹിയിലെ ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽനിന്ന് ഒഴിവാക്കി. ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ശക്തമാകുന്നതിനിടെയാണ് ഡൽഹി പൊലീസിന്‍റെ നിർണായക നീക്കം.

ജന്തർ മന്തറിനെ പ്രതിഷേധ വേദി പദവിയിൽനിന്ന് ഒഴിവാക്കിയതായി ഡൽഹി പൊലീസ് പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി. പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി മൂന്ന് പുതിയ വേദികളും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, നിലവിലുള്ള പ്രതിഷേധ വേദിക്ക് പകരം പൗരന്മാർക്ക് പ്രതിഷേധങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു സമിതി രൂപവത്കരിച്ചെന്നും സർക്കുലറിൽ പറയുന്നു.

സമിതിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ജന്തർ മന്തറിനെ പ്രതിഷേധ വേദികളുടെ പട്ടികയിൽനിന്ന് ഒഴിവാക്കിയത്. രാംലീല മൈതാനം, ബുരാരി മൈതാനം, സി.ബി.ഡി മൈതാനം എന്നിവയാണ് പുതിയ പ്രതിഷേധ വേദികൾ. ഈ വർഷം ജൂൺ മുതൽ യുവാക്കൾ നേതൃത്വം നൽകിയ നിരവധി പ്രതിഷേധങ്ങളുടെ പ്രധാന കേന്ദ്രമായിരുന്നു ജന്തർ മന്തർ. അഭിജീത് ദീപ്കെ സ്ഥാപിച്ച കോക്രോച്ച് ജനതാ പാർട്ടി നയിച്ച പ്രതിഷേധങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

നീറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിയിലേക്ക് നയിച്ച പ്രതിഷേധം നടന്നത് ജന്തർ മന്തറിലായിരുന്നു. 1993 മുതലാണ് ഡൽഹിയിലെ ജന്തർ മന്തർ ഒരു പ്രധാന പ്രതിഷേധവേദിയായി മാറുന്നത്.

Tags:    
News Summary - Jantar Mantar No Longer A Protest Venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.