'ഡൽഹി ചലോ' കർഷക മാർച്ചിന് നേരെ പൊലീസ് അതിക്രമം; യോഗേന്ദ്ര യാദവ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തുന്ന ഡൽഹി ചലോ മാർച്ചിന് നേരെ പൊലീസ് അതിക്രമം. ഡല്‍ഹി ലക്ഷ്യമാക്കി പഞ്ചാബില്‍ നിന്ന് മാര്‍ച്ച് ചെയ്‌തെത്തിയ ആയിരക്കണക്കിന് കര്‍ഷകരെ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രകോപിതരായ കര്‍ഷകര്‍ പൊലീസ് പാലത്തില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള്‍ നദിയിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട്, അതിർത്തി അടച്ച പൊലീസ് സന്നാഹങ്ങളെ ഭേദിച്ച് കർഷകർ ഹരിയാനയിലെത്തി.

കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വരാജ് അഭിയാന്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഗുരുഗ്രാമില്‍ വെച്ചാണ് യോഗേന്ദ്ര യാദവിന് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധിച്ച കര്‍ഷകർക്കൊപ്പമാണ് യോഗേന്ദ്രയാദവിനെ പൊലീസ് പിടിച്ചുകൊണ്ടു പോയത്. മൊകാല്‍വാസ് ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിലാണ് പൊലീസ് മാർച്ച് തടഞ്ഞത്. ഇതിനെതിരെ യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു. 'കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ ഡെപ്യൂട്ടി മുഖ്യമന്ത്രി സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ഉപയോഗിക്കാതെയും റാലി നടത്തിയത്. കോവിഡ് നിബന്ധനകൾ അവർക്ക് ബാധകമായിരുന്നില്ലേ? ബിഹാർ ഇലക്ഷനിലും കോവിഡ് ചട്ടങ്ങൾ പാലിക്കപ്പെട്ടില്ല. കർഷകർ പ്രതിഷേധിക്കുമ്പോൾ മാത്രമാണോ നിയന്ത്രണം?

തങ്ങളെ സ്കൂളിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റ് ചെയ്തു.

'ഞങ്ങളുടെ എല്ലാ സഖാക്കളെയും മൊകാല്‍വാസ് ഗ്രാമത്തിലെ സ്‌കൂളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അവിടെ തങ്ങളെ പൂട്ടിയിരിക്കുകയാണ്' യോഗേന്ദ്ര യാദവ് ട്വീറ്റുചെയ്തു.

നേരത്തെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകർക്ക് എതിരെ കേന്ദ്രം നടപടി എടുക്കുന്നത് ശരിയല്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.