ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ജെ.കെ.എൽ.എഫ് തലവൻ യാസീൻ മാലിക്കിനും മറ്റുള്ളവർക്കുമെതിരായ രണ്ട് കേസുകളിൽ വിചാരണ നടത്തുന്ന ജമ്മുവിലെ പ്രത്യേക കോടതിയിൽ മതിയായ വിഡിയോ കോൺഫറൻസിങ് സൗകര്യം ഒരുക്കാൻ ജമ്മു -കശ്മീർ ഹൈകോടതി രജിസ്ട്രാർ ജനറലിന് സുപ്രീംകോടതി നിർദേശം നൽകി. ഭീകരവാദത്തിന് സഹായം നൽകിയെന്ന മറ്റൊരു കേസിൽ തിഹാർ ജയിലിൽ കഴിയുന്ന മാലിക്കിന് ജയിലിൽ വിഡിയോ കോൺഫറൻസിങ് സൗകര്യം ഉറപ്പാക്കണമെന്ന് ഡൽഹി ഹൈകോടതി രജിസ്ട്രാറോടും ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച് നിർദേശിച്ചു. ഫെബ്രുവരി 18ന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഇരു ഹൈകോടതി രജിസ്ട്രാർമാരോടും ബെഞ്ച് ആവശ്യപ്പെട്ടു. വിഡിയോ കോൺഫറൻസിങ് സംവിധാനം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് ജമ്മുവിലെ പ്രത്യേക കോടതി ജഡ്ജി റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് സുപ്രീംകോടതി നടപടി.
മുൻ കേന്ദ്രമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മകൾ റുബയ്യ സഈദിനെ 1989ൽ തട്ടിക്കൊണ്ടുപോയ കേസ്, 1990ലെ ശ്രീനഗർ വെടിവെപ്പ് എന്നിവയുടെ വിചാരണ ജമ്മുവിൽനിന്ന് ന്യൂഡൽഹിയിലേക്ക് മാറ്റണമെന്ന സി.ബി.ഐ ഹരജി പരിഗണിക്കവേയാണ് വിഡിയോ കോൺഫറൻസിങ് സംബന്ധിച്ച പ്രശ്നങ്ങൾ സുപ്രീംകോടതി മുമ്പാകെ വന്നത്. തുടർന്ന് സി.ബി.ഐ ഹരജിയിൽ വാദം കേൾക്കുന്നത് ഫെബ്രുവരി 21ലേക്ക് മാറ്റി. രണ്ട് കേസുകളിലും മാലിക് ഒഴികെ മറ്റുള്ളവർ ജാമ്യത്തിലാണ്.
പ്രത്യേക കോടതി സ്ഥാപിച്ച് വിചാരണ തിഹാർ ജയിലിലേക്ക് മാറ്റിയേക്കുമെന്നും മറ്റ് പ്രതികൾക്ക് വിഡിയോ കോൺഫറൻസിങ് വഴി ഹാജരാകാൻ സൗകര്യമൊരുക്കുമെന്നും ബെഞ്ച് അഭിപ്രായപ്പെട്ടപ്പോൾ പ്രതിഭാഗം എതിർത്തു. വിഡിയോ കോൺഫറൻസിങ് വഴി ജമ്മു കോടതിയിൽ വിചാരണ നടത്തുന്നതിൽ എന്താണ് കുഴപ്പമെന്ന് പ്രതിഭാഗം അഭിഭാഷകൻ ചോദിച്ചു. ഡൽഹിയിലേക്ക് ദീർഘദൂരം യാത്ര ചെയ്യുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിചാരണ വൈകിപ്പിക്കാൻ പ്രതികൾ ശ്രമിക്കുകയാണെന്ന് സി.ബി.ഐക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.