കേരളത്തിൽ ഗുസ്തി, ഇവിടെ ദോസ്തി’; സി.പി.എം-കോൺഗ്രസ് സഖ്യത്തെ പരിഹസിച്ച് മോദി

രാധാകിഷോർപുർ/അംബാസ (ത്രിപുര): ബി.ജെ.പിയുടെ ഭരണത്തുടർച്ചക്ക് ഭീഷണി ഉയർത്തുന്ന സി.പി.എം-കോൺഗ്രസ് തെരഞ്ഞെടുപ്പ് സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽ പരസ്പരം ഗുസ്തി പിടിക്കുന്ന സി.പി.എമ്മും കോൺഗ്രസും ത്രിപുരയിൽ ദോസ്തി (ചങ്ങാത്തം)യിലാണെന്ന് രാധാകിഷോർപുരിലെ റാലിയിൽ മോദി പരിഹസിച്ചു.

നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കടുത്ത പോരാട്ടം ഉറപ്പായ സംസ്ഥാനത്ത് ഭരണകക്ഷിയായ ബി.ജെ.പിക്ക് സി.പി.എം-കോൺഗ്രസ് സഖ്യം വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് മോദി ഇരു പാർട്ടികൾക്കുമെതിരെ പരിഹാസവുമായി പ്രചാരണം തുടങ്ങിയത്. ബി.ജെ.പിക്കൊപ്പം പോകാതെ പ്രതിപക്ഷ മുന്നണിയോട് അനുകൂല മനോഭാവം പുലർത്തുന്ന ഗോത്രവർഗ പാർട്ടിയായ ‘ടിപ്ര മോത’യേയും മോദി വിമർശിച്ചു. ചില പാർട്ടികൾ മറക്കുള്ളിൽ നിന്നുകൊണ്ട് പ്രതിപക്ഷ സഖ്യത്തെ പിന്തുണക്കുകയാണെന്നും അവർക്ക് നൽകുന്ന ഓരോ വോട്ടും ത്രിപുരയെ വർഷങ്ങൾ പിന്നോട്ടുവലിക്കുമെന്നും മോദി ആരോപിച്ചു.

‘‘ദുർഭരണത്തിന്റെ വക്താക്കളായിരുന്നവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കേരളത്തിൽ അന്യോന്യം ഗുസ്തി പിടിക്കുന്നവർ ഇവിടെ ‘ദോസ്തി’യിലാണ്. വോട്ടുകൾ ഭിന്നിപ്പിക്കാനാണ് പ്രതിപക്ഷശ്രമം. വോട്ടുചോർച്ചയുണ്ടാക്കുന്ന ചില കൊച്ചുപാർട്ടികൾ, തങ്ങൾക്കുള്ള ‘വില’ ലഭിക്കാൻ തെരഞ്ഞെടുപ്പു ഫലം വരാൻ കാത്തിരിക്കുകയാണ്. കുതിരക്കച്ചവടം സ്വപ്നം കണ്ടുനടക്കുന്നവരെ ഇപ്പോൾ തന്നെ അവരുടെ വീടുകളിൽ പൂട്ടിയിടണം’’ -മോദി കൂട്ടിച്ചേർത്തു. കോൺഗ്രസും സി.പി.എമ്മും ആദിവാസി ജനതയെ വിഭജിക്കാൻ ശ്രമിക്കുമ്പോൾ ബി.ജെ.പി അവർക്കുവേണ്ടി നിലകൊള്ളുകയാണെന്ന്, ധാലൈ ജില്ലയിലെ അംബാസയിൽ നടന്ന മറ്റൊരു റാലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.

60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരി 16നാണ് വോട്ടെടുപ്പ്. ബി.ജെ.പി 55 ഇടത്തും സഖ്യകക്ഷി ഐ.പി.എഫ്.ടി അഞ്ചിടത്തും ജനവിധി തേടുന്നു. സി.പി.എം 43 സീറ്റിലും ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി, സി.പി.ഐ എന്നിവ ഓരോന്നിലും മത്സരിക്കുമ്പോൾ സഖ്യത്തിലുള്ള കോൺഗ്രസ് 13 ഇടത്ത് മത്സരിക്കുന്നു.

Tags:    
News Summary - Wrestling in Kerala, friendship here'; Modi mocks CPM-Congress alliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.