ഗുസ്തി താരങ്ങളുടെ ടെന്റുകൾ പൊളിച്ചുനീക്കി പൊലീസ്; തലസ്ഥാനം സംഘർഷഭരിതം

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായെത്തിയ ഗുസ്തി താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ഇവര്‍ സമരം ചെയ്ത് വന്നിരുന്ന ജന്തര്‍ മന്തറിലെ ടെന്റുകളും പൊളിച്ചുമാറ്റി. ജന്തർ മന്തറിൽനിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനുള്ള ഗുസ്തി താരങ്ങളുടെ നീക്കം പൊലീസ് തടഞ്ഞതോടെ തലസ്ഥാനത്ത് സംഘർഷാവസ്ഥ ഉടലെടുത്തിരുന്നു. പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ജന്തര്‍മന്തറില്‍നിന്ന് പുറത്തുകടക്കാന്‍ പൊലീസ് അനുവദിക്കാത്തതാണ് സംഘർഷത്തിന് ഇടയാക്കിയത്.

പ്രതിഷേധ സ്ഥലത്തുനിന്ന് താരങ്ങളുടെ ടെന്റുകളും കിടക്കകളും പോലീസ് നീക്കം ചെയ്തിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ഒരു മാധ്യമപ്രവര്‍ത്തകനേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തേ പൊലീസും താരങ്ങളും തമ്മിൽ വൻ സംഘർഷം ഉടലെടുത്തിരുന്നു. പ്രതിഷേധക്കാരെ തടയാൻ പൊലീസ് ബലംപ്രയോഗിച്ചു. സാക്ഷി മാലിക്ക്, വിനേഷ് ഫോഗട്ട് ഉൾപ്പെടെയുള്ള താരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. റോഡിലൂടെ വലിച്ചിഴച്ചാണ് സാക്ഷിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മർദിച്ചതായി അവർ ആരോപിച്ചു. ഗുസ്തി താരങ്ങൾ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ഉദ്ഘാടന ദിവസം പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താനായിരുന്നു ഗുസ്തി താരങ്ങളുടെ നീക്കം.

ഗുസ്തി താരങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പട്ടാഭിഷേകം പൂര്‍ത്തിയായപ്പോള്‍ അഹങ്കാരിയായ രാജാവ് പൊതുജനത്തിന്റെ ശബ്ദം തെരുവില്‍ അടിച്ചമര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ്‌ രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്തിന് വേണ്ടി മെഡലുകള്‍ നേടിയ വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നുവെന്ന് പ്രിയങ്കാഗാന്ധി കുറ്റപ്പെടുത്തി.

‘ഗുസ്തി താരങ്ങളുടെ നെഞ്ചിലെ മെഡല്‍ രാജ്യത്തിന്റെ അഭിമാനമാണ്. കഠിനാധ്വാനത്തിലൂടെ കായിക താരങ്ങള്‍ നേടിയെടുത്ത മെഡല്‍ രാജ്യത്തിന്റെ യശ്ശസുയര്‍ത്തി. വനിതാ താരങ്ങളുടെ ശബ്ദം ബൂട്ടുകള്‍ക്കടിയില്‍ ചവിട്ടിമെതിക്കുന്നത്രയും ബി.ജെ.പി. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം വളര്‍ന്നിരിക്കുന്നു. ഇത് പൂര്‍ണ്ണമായും തെറ്റാണ്. സര്‍ക്കാരിന്റെ ഈ ധാര്‍ഷ്ട്യവും അനീതിയും രാജ്യം മുഴുവന്‍ കാണുന്നുണ്ട്’ -പ്രിയങ്ക ട്വീറ്റ് ചെയ്തു.

താരങ്ങള്‍ക്കെതിരായ പോലീസ് നടപടിയെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും അപലപിച്ചു. ഇന്ത്യന്‍ കായിക മേഖലയ്ക്ക് ദുഃഖകരമായ ദിവസമാണ് ഇന്നത്തേതെന്ന് ഗുസ്തിതാരമായ സാക്ഷി മാലിക് ട്വീറ്റ് ചെയ്തു. താരങ്ങള്‍ തെരുവില്‍ വലിച്ചിഴയ്ക്കപ്പെടുമ്പോള്‍, ലൈംഗികാതിക്രമ ആരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പാര്‍ലമെന്റില്‍ ഇരിക്കുകായണെന്ന് സാക്ഷി മാലിക് കുറ്റപ്പെടുത്തി. ഏതെങ്കിലും രാജ്യം തങ്ങളുടെ ചാമ്പ്യന്മാരോട് ഇങ്ങനെ പെരുമാറുമോയെന്ന് ബജ്‌റംഗ് പൂനിയ ചോദിച്ചു.

താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ജെ.എന്‍.യുവിന് പുറത്ത് പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.

ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി പാര്‍ലമെന്‍റിന് മുന്നില്‍ മഹിള മഹാപഞ്ചായത്ത് നടത്തുമെന്ന് കര്‍ഷകരും അറിയിച്ചിരുന്നു. എന്നാല്‍ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി അംഗങ്ങളെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളിലും ജന്തർ മന്തറിലും കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിർത്തിയില്‍ വാഹനങ്ങൾ പരിശോധനകൾക്ക് ശേഷം മാത്രമാണ് കടത്തിവിടുന്നത്.

Tags:    
News Summary - Wrestlers Forcefully Detained, Tents Removed At Protest Site Ahead Of Parliament March

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.