എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ആദർശ് എം. സജിയെ ബലം പ്രയോഗിച്ച് ഡൽഹി പൊലീസ് വാഹനത്തിൽ കയറ്റുന്നു

വനിതാ പ്രവർത്തകരുടെ വസ്ത്രം പുരുഷ പൊലീസുകാർ വലിച്ചുകീറി, മർദനത്തിൽ ആദർശ് എം. സജിയുടെ നെറ്റിപൊട്ടി ​ചോര വന്നു

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ തെരുവിലിറങ്ങിയ സി.ജെ.പി, ഇടത് യുവജന സംഘടനാ പ്രവർത്തകർക്ക് നേരെ പൊലീസ് ക്രൂരമായ ബലപ്രയോഗവും മർദനവും അഴിച്ചുവിട്ടു. കസ്റ്റഡിയിലെടുത്ത വിദ്യാർഥി-യുവജന നേതാക്കളെ വിവസ്ത്രരാക്കിയും പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് മർദ്ദിച്ചും സമരം അടിച്ചമർത്താനാണ് പോലീസ് ശ്രമിച്ചത്.

ഡിവൈഎഫ്ഐ നേതാവ് ജെയ്ക് സി തോമസ്, എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ്  ആദർശ് എം. സജി തുടങ്ങിയവരെ ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് പൊലീസ് വാഹനങ്ങളിൽ കയറ്റിയത്. അതിക്രമത്തിനിടയിൽ ആദർശ് എം സജിയുടെ നെറ്റിപൊട്ടി ചോര വന്നു. പൊലീസ് വാഹനത്തിനുള്ളിൽ വെച്ച് ജെയ്ക് സി തോമസിന്റെ വസ്ത്രങ്ങൾ വലിച്ചുകീറി. പ്രതിഷേധത്തിൽ പങ്കെടുത്ത വനിതാ പ്രവർത്തകരുടെ വസ്ത്രങ്ങൾ പുരുഷ പൊലീസ് വലിച്ചുകീറിയതായും ഗുരുതരമായ പരാതി ഉയർന്നിട്ടുണ്ട്.

പൊലീസ് വാഹനത്തിന്റെ ഇരുവശങ്ങളിലും നിരന്നുനിന്ന ഉദ്യോഗസ്ഥർ ഓരോ പ്രവർത്തകരെയും കൈമടക്കിയും ബൂട്ട്സിട്ടും ക്രൂരമായി മർദിച്ച ശേഷമാണ് അകത്തെ സെല്ലിലേക്ക് തള്ളിയിട്ടത്. മർദനത്തിൽ നിരവധി പേരുടെ മുഖത്തും മുതുകിലും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധക്കാരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നോ എത്ര സമയം കസ്റ്റഡിയിൽ വെക്കുമെന്നോ ഉള്ള യാതൊരു വിവരവും വ്യക്തമാക്കാതെയാണ് പോലീസ് പിടികൂടുന്നത്.

ജയിലിന് സമാനമായ അഴികളും ക്രമീകരണങ്ങളുമുള്ള പ്രത്യേക വാഹനങ്ങളിലാണ് കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകുന്നത്. നാല് ചക്രങ്ങളിൽ സഞ്ചരിക്കുന്ന 'ഗ്വാണ്ടനാമോ ജയിൽ' എന്നാണ് പൊലീസിന്റെ ഈ പീഡന വാഹനത്തെ എ.എ. റഹീം എം.പി വിശേഷിപ്പിച്ചത്. പോകുന്ന വഴിയിൽ നിർത്തി സമരക്കാരെ മറ്റ് പീഡന വാഹനങ്ങളിലേക്ക് മാറ്റിയും മണിക്കൂറുകളോളം റോഡിലൂടെ ചുറ്റിക്കറങ്ങിയുമാണ് പ്രവർത്തകരെ പൊലീസ് സ്റ്റേഷനുകളിൽ എത്തിക്കുന്നത്. 

Tags:    
News Summary - Women activists' clothes torn, Adarsh injured in police assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.