വിജയ്ക്കൊപ്പം യാത്ര ചെയ്ത് മോദി; ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം നിർവഹിച്ചു
ചെന്നൈ: ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ടം ഉദ്ഘാടനത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂന്തമല്ലി ബൈപാസ്-വടപളനി പാതയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
4,900 കോടി ചെലവിൽ നിർമിച്ച 15 കിലോമീറ്റർ പാതയിലെ ട്രെയിൻ സർവിസ് ഫ്ലാഗ് ഓഫ് ചെയ്തു. സംസ്ഥാനത്ത് 13,000 കോടിയിലധികം ചെലവ് വരുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
ഞായറാഴ്ച രാവിലെ 11 ഓടെ വിമാനമാർഗം ചെന്നൈയിലെത്തിയ മോദിയെ മുഖ്യമന്ത്രി വിജയ്, ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു. തുടർന്ന് വിമാനത്താവളത്തിൽനിന്ന് പുറപ്പെട്ട മോദി റോഡ് ഷോ നടത്തി. മെട്രോ ഉദ്ഘാടന ശേഷം ക്യു.ആർ കോഡ് ഉപയോഗിച്ച് പണമടച്ച് ടിക്കറ്റെടുത്ത മോദി, മുഖ്യമന്ത്രി വിജയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കുമൊപ്പം ട്രെയിനിൽ കയറി. പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂന്തമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമായിരുന്നു യാത്ര.
പിന്നീട് ഐ.ഐ.ടി മദ്രാസിലെ ‘സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ’ സന്ദർശിച്ച മോദി ഐ.ഐ.ടി മദ്രാസ് കാമ്പസിലെ ജലകണ്ഠേശ്വരർ ക്ഷേത്രത്തിലും ദർശനം നടത്തി. ചെന്നൈ നന്ദംപാക്കത്തെ ചെന്നൈ ട്രേഡ് സെന്ററിൽ നടന്ന ജയഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ സുവർണജൂബിലി ആഘോഷത്തിലും പങ്കെടുത്തു. സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിൽ കനത്തസുരക്ഷയാണ് ഏർപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.