രാഹുൽ ഗാന്ധി
ഇന്ത്യയാകെ സുപ്രീംകോടതിയിലേക്ക്; ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സ്നേഹത്തോടും സാഹോദര്യത്തോടും രാജ്യസ്നേഹത്തോടും കൂടി ഇന്ത്യ മുഴുവൻ ഒരുമിച്ച് തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഞായറാഴ്ച പുറത്തിറക്കിയ വീഡിയോയിലാണ് പ്രഖ്യാപനം.
‘ശനിയാഴ്ച രാജ്യത്തെ യുവജനം സമാധാനപരമായി പ്രതിഷേധിക്കാൻ ഡൽഹിയിലെത്തി. വെറുപ്പോ ദേഷ്യമോ ഇല്ലാതെ, സ്നേഹം നിറഞ്ഞ മനസ്സോടെയാണ് അവർ എത്തിയത്. എന്നാൽ പൊലീസും ബി.ജെ.പി ഗുണ്ടകളും ചേർന്ന് അവരെ മർദിച്ചു. നാം ആഗ്രഹിക്കുന്ന ഇന്ത്യ ഇങ്ങനെയല്ല. പാർട്ടി, ലിംഗം, ജാതി, സമൂഹം, സംസ്ഥാനം എല്ലാറ്റിനും അതീതമായി ഒന്നിച്ചുകൂടിയ ഇന്ത്യക്കാരായി നമ്മൾ തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യും. യുവജനങ്ങളും എല്ലാ പ്രതിപക്ഷ പാർട്ടികളും പൗരസമൂഹ കൂട്ടായ്മകളും ജനാധിപത്യത്തിൽ വിശ്വസിക്കുന്നവരും ഇന്ത്യൻ ഭരണഘടനക്കൊപ്പം നിൽക്കുന്നവരും നമ്മോടൊപ്പം അണിനിരക്കും. വോട്ടുകൊള്ള അവസാനിപ്പിക്കുക, എസ്.ഐ.ആർ നിർത്തിവെക്കുക, ഗ്യാനേഷ് കുമാറിന്റെ രാജി എന്നീ കാര്യങ്ങൾ ഉന്നയിച്ച് രാജ്യത്തിനുവേണ്ടി ചീഫ് ജസ്റ്റിസിന് നിവേദനം സമർപ്പിക്കും.
നരേന്ദ്ര മോദി, അമിത് ഷാ, അജിത് ഡോവൽ, മോഹൻ ഭാഗവത് സംഘത്തിന് ഇന്ത്യയുടെ ശബ്ദം നിശ്ശബ്ദമാക്കാൻ കഴിയില്ല. ഈ ഭീരുക്കൾക്ക് നമ്മെ ഭയപ്പെടുത്താനാവില്ല. അവർ വഴിമാറിയേ തീരൂ. പേടിക്കരുത് നാളെ, ഇന്ത്യ മുഴുവൻ സുപ്രീംകോടതിയിലേക്ക് മാർച്ച് ചെയ്യും’ എന്നാണ് വിഡിയോ സന്ദേശത്തിലുള്ളത്.രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കുന്നതിനുവേണ്ടി തിങ്കളാഴ്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കാണുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. താനും രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റിസിന് കത്തുകൾ അയച്ചിട്ടുണ്ടെന്നും വൈകീട്ട് നാലിനും അഞ്ചിനും ഇടയിൽ കൂടിക്കാഴ്ചക്കുള്ള സമയം നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാഹചര്യം ചീഫ് ജസ്റ്റിസിനെ ധരിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.