എ.എ റഹീം
ഡൽഹിയിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്രമിച്ചതിനെതിരെ എ.എ റഹീം എം.പി സുപ്രീംകോടതിയിൽ
ന്യൂഡൽഹി: കോണാട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് ഞായറാഴ്ച അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനും എം.പിയുമായ എ.എ റഹീം സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ്-ഓൺ-റിക്കാർഡ് സുഭാഷ് ചന്ദ്രൻ കെ.ആർ ഫയൽ ചെയ്ത ഹരജിയിൽ അരുന്ധതി കാട്‍ജുവാണ് ഹാജരാകുക.
സമാധാനപരമായ പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനു പകരം സി.സി.ടി.വി കാമറകൾ ഇല്ലാത്ത, രഹസ്യ സ്ഥലത്തേക്കാണ് കൊണ്ടുപോയത്. കർട്ടനിട്ട് വേർതിരിച്ച് വാഹനത്തിന്‍റെ ഓരോ ഭാഗങ്ങളിലിട്ട് സ്ത്രീകളെയും പുരുഷന്മാരെയും കഠിനമായി മർദിച്ചെന്നാണ് ആരോപണം. ഗ്വണ്ടനോമ തടവറക്ക് സമാനമായിരുന്നു അനുഭവം.
അറസ്റ്റ് മെമ്മോ തയ്യാറാക്കുകയോ കുടുംബാംഗങ്ങൾക്ക് വിവരം നൽകുകയോ ചെയ്യാതെയാണ് നടപടി ഉണ്ടായത്. കസ്റ്റഡിയിലെടുത്ത ആരെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയോ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയോ ചെയ്തില്ല. നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും സുപ്രീം കോതിയിൽ ആവശ്യപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.