റിയാദ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരൻ മരിച്ചു, ഭാര്യയും മക്കളും ചികിത്സയിൽ

റിയാദ്: ഒക്ടോബർ 10ന് റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു ഇന്ത്യൻ പൗരൻ ഇന്ന് മരണപ്പെട്ടു. ഹൈദരാബാദ് സ്വദേശിയായ അലി മുഹമ്മദ് അലിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും ചികിത്സയിലാണ്.

ഈ ദാരുണ സംഭവത്തിൽ മരിച്ചയാളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആത്മാർത്ഥമായി പങ്കുചേരുന്നതായി അധികൃതർ അറിയിച്ചു. കുടുംബവുമായി എംബസി അധികൃതർ ബന്ധപ്പെട്ടുവരികയാണെന്നും, മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സഹായങ്ങളും ഉറപ്പാക്കുമെന്നും അവർ വ്യക്തമാക്കി.

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ആകെ 12 പേർ മരണപ്പെടുകയും മുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ റിയാദിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി ശക്തമായ ഇടപെടലുകൾ നടത്തിവരികയാണ്. ആക്രമണത്തിൽ പരിക്കേറ്റവരിൽ 11 ഇന്ത്യൻ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ഒടുവിൽ ലഭിച്ച ഔദ്യോഗിക വിവരം. അതിലൊരാളാണ് മരിച്ചത്.

പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതിയും സുരക്ഷയും നേരിട്ട് വിലയിരുത്തുന്നതിനായി എംബസി അധികൃതർ പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി എംബസി ഉദ്യോഗസ്ഥർ വിവിധ ആശുപത്രികൾ സന്ദർശിക്കുകയും ആശുപത്രി അധികൃതരുമായി സംസാരിച്ച് ആവശ്യമായ കാര്യങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ​വീ​ണ്ടും ആക്രമണം നടന്നു. വിമാനത്താവളത്തിലെ നാലാം നമ്പർ പാസഞ്ചർ ലോഞ്ചിൽ പ്രൊജക്റ്റൈൽ (മിസൈൽ/സ്ഫോടകവസ്തു) പതിച്ച് ആക്രമണമുണ്ടായതായി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ഈ ആക്രമണം തീപിടുത്തത്തിന് കാരണമായതായും ബന്ധപ്പെട്ട അധികാരികൾ സ്ഥലത്ത് പരിശോധന നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

കിങ് ഖാലിദ് വിമാനത്താവളത്തിന്റെ പരിസരത്ത് വെച്ച് ഒരു ക്രൂയിസ് മിസൈൽ വ്യോമ പ്രതിരോധ സേന തടഞ്ഞു നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സിവിൽ ഏവിയേഷൻ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നിരന്തരമായ അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ശനിയാഴ്ച വൈകുന്നേരം റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണം ഉണ്ടായിരുന്നു. അതിന് തൊട്ട് പിന്നാലെയാണ് ഞായറാഴ്ച വിമാനത്താവളത്തിലെ നാലാം നമ്പർ പാസഞ്ചർ ലോഞ്ചിൽ അജ്ഞാതമായ ഒരു പ്രൊജക്റ്റൈൽ പതിച്ച് ആക്രമണമുണ്ടായിരിക്കുന്നത്. ശനിയാഴ്ചത്തെ ആക്രമണത്തിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - Indian injured in Riyadh airport attack dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.