പൊലീസ് സ്റ്റേഷനിൽ പോസ്റ്ററുകളുമായി ദ്രെസും സഹപ്രവർത്തകരും
തടങ്കലിൽ ഡൽഹി പൊലീസിനെ നീതി പഠിപ്പിച്ച് ഴാങ് ദ്രെസ്
ന്യൂഡൽഹി: ഭാര്യയോടൊപ്പം ഭക്ഷണം കഴിക്കാൻ ഇറങ്ങിയതായിരുന്നു മുഹമ്മദ് റഹീം. വഴിമധ്യേ ഡൽഹി പൊലീസ് സംഘം റഹീമിനെ ബലമായി പിടിച്ച് ബസിൽ കയറ്റുകയും മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തു. മുഈൻ ഖാൻ എന്ന 25കാരനോട് പൊലീസ് പേര് ചോദിച്ചു; അറസ്റ്റ് ചെയ്യാൻ ആ പേരുതന്നെ മതിയായ കാരണമായി. ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് അസം, ബംഗാൾ സ്വദേശികളായ നിരവധി ചെറുപ്പക്കാരെയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. അവരിൽ പലർക്കും തലസ്ഥാനനഗരിയിൽ നടക്കുന്ന സമരത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. ഇവരെ തടവിലാക്കിയ വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗർ പൊലീസ് സ്റ്റേഷനിലേക്ക് കുറേ മണിക്കൂറുകൾക്കു ശേഷം നാലുപേരെക്കൂടി കൊണ്ടുവന്നു; തെരഞ്ഞെടുപ്പ് കമീഷനെതിരെ പ്രതിഷേധിച്ചതിന് ജന്തർ മന്തറിന് സമീപത്തുനിന്ന് കസ്റ്റഡിയിലെടുത്ത ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ ഴാങ് ദ്രെസിനെയും സഹപ്രവർത്തകരെയും.
ബെൽജിയത്തിൽ ജനിച്ച് പതിറ്റാണ്ടുകളായി ഇന്ത്യയിൽ ജീവിക്കുന്ന, ദാരിദ്ര്യനിർമാർജനത്തിനും സമത്വത്തിനും വേണ്ടി പോരാടുന്ന ദ്രെസ്, സ്റ്റേഷനിൽവെച്ച് യുവാക്കളുടെ അന്യായ അറസ്റ്റ് വിവരങ്ങൾ കേട്ട് അമ്പരന്നുപോയി. ഏതാനും മണിക്കൂറുകൾക്കു ശേഷം ദ്രെസിനെയും സഹപ്രവർത്തകരായ പരൺ അമിതാഭ, അഞ്ജലി എസ്, അബാൻ റാസ എന്നിവരെയും വിട്ടയക്കാൻ പൊലീസ് തയാറായെങ്കിലും അവർ പോകാൻ വിസമ്മതിച്ചു. തന്നെയും കൂട്ടുകാരെയും ഉച്ചയോടെയാണ് കസ്റ്റഡിയിലെടുത്തതെങ്കിൽ, മറ്റുള്ളവർ രാവിലെ ഒമ്പതു മുതൽ അവിടെയുണ്ടെന്ന് ദ്രെസ് ചൂണ്ടിക്കാട്ടി. തടവിലാക്കപ്പെട്ട എല്ലാവരെയും ഒരുമിച്ച് വിട്ടയക്കാത്തപക്ഷം ഞങ്ങളും ഇവിടെത്തന്നെ തുടരുമെന്ന് നാലുപേരും എഴുതിനൽകിയതോടെ പൊലീസ് കുഴങ്ങി. വ്യത്യസ്ത സാമൂഹിക-സാമ്പത്തിക വിഭാഗങ്ങളോട് പുലർത്തുന്ന സമീപനത്തിലെ വിവേചനം അംഗീകരിക്കാനാവില്ലെന്നും രാവിലെ മുതൽ തടവിൽവെച്ചിരിക്കുന്ന മനുഷ്യരെ വിട്ടയക്കാതെ തങ്ങൾക്ക് വിടുതൽ ആവശ്യമില്ലെന്നും ദ്രെസ് തറപ്പിച്ചുപറഞ്ഞു.
ഒടുവിൽ, രാത്രി എട്ടോടെ, ഏകദേശം 11 മണിക്കൂർ നീണ്ട തടങ്കലിനൊടുവിൽ മുഴുവൻ യുവാക്കളെയും വിട്ടയക്കാൻ പൊലീസ് നിർബന്ധിതരായി. ഏതാണ്ട് 50 വർഷമായി ഇന്ത്യയിൽ ജീവിക്കുന്ന താൻ, ഒരു പ്രതിഷേധത്തെ അടിച്ചമർത്താൻ ഇത്രയും വലിയ തോതിൽ ബലപ്രയോഗം നടത്തുന്നത് കണ്ടിട്ടില്ലെന്നാണ് പൊലീസ് നടപടിയെക്കുറിച്ച് ദ്രെസ് പ്രതികരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.