'വോട്ടവകാശം നിഷേധിക്കപ്പെടുമ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട സിനിമാ-ക്രിക്കറ്റ് താരങ്ങൾ എവിടെ പോയി?'; ചോദ്യവുമായി ഗായിക നേഹാ സിങ് റാത്തോഡ്
ന്യൂഡൽഹി: കോടിക്കണക്കിന് പൗരന്മാരുടെ വോട്ടവകാശം ചോദ്യം ചെയ്യപ്പെടുമ്പോൾ രാജ്യത്തെ പ്രമുഖ ക്രിക്കറ്റ് താരങ്ങളും സിനിമയിലെ മുൻനിര നായകന്മാരും എവിടെയെന്ന് ഗായികയും സാമൂഹിക നിരീക്ഷകയുമായ നേഹാ സിങ് റാത്തോഡ്. ലക്ഷക്കണക്കിന് മനുഷ്യരുടെ വോട്ടവകാശം നഷ്ടപ്പെട്ട ഗുരുതരമായ വിഷയത്തിൽ പ്രശസ്തരായ താരങ്ങൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിൽ അവർ ചോദിച്ചു. സിനിമകൾ ആദ്യദിനം ആദ്യഷോ കണ്ട് ഹിറ്റാക്കുകയും താരങ്ങളെ കോടീശ്വരന്മാരാക്കുകയും ചെയ്യുന്ന ആരാധകരോട് ഇവർക്ക് യാതൊരു ഉത്തരവാദിത്തവുമില്ലേ എന്നും ആരാധകരുടെ പിന്തുണയാൽ വലിയ ഉയരങ്ങളിലെത്തിയവർ അതേ ജനങ്ങളുടെ വോട്ടവകാശം നഷ്ടപ്പെടുമ്പോൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും നേഹ വിമർശിച്ചു. സ്റ്റേഡിയങ്ങളിലെ വൻ ജനക്കൂട്ടത്തിനിടയിലും തിരക്കുകൾക്കിടയിലും ക്രിക്കറ്റ് മത്സരം കാണാൻ സമയം കണ്ടെത്തുന്ന താരങ്ങൾ ജനാധിപത്യത്തിന്റെ അടിസ്ഥാനാവകാശം ചർച്ചയാകുമ്പോൾ എവിടെ ഒളിക്കുന്നു എന്നും അവർ പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് താരങ്ങളുടെ നിശ്ശബ്ദതയ്ക്കെതിരെ ഈ വിമർശനം ഉയർന്നിരിക്കുന്നത്. എസ്.ഐ.ആർ നടപടികളിലൂടെ കോടിക്കണക്കിന് ജനങ്ങളുടെ പേരുകളാണ് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയത്. ജനാധിപത്യ അവകാശങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്ന ഈ നടപടിക്കെതിരെയുള്ള സമാധാനപരമായ പ്രതിഷേധത്തെ ഭരണകൂടം അക്രമാസക്തമായാണ് നേരിട്ടത്. വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ച് സമരക്കാരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുകയും ഡൽഹിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന അവകാശമായ വോട്ടവകാശ നിഷേധത്തിൽ രാജ്യത്തെ പ്രമുഖ സിനിമാ-ക്രിക്കറ്റ് താരങ്ങൾ ഇതുവരെയും പ്രതികരിക്കാത്തതിനെതിരെ നേഹാ റാത്തോഡ് ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.