രാത്രിയിലും ആളിക്കത്തി പ്രതിഷേധം; എസ്.എഫ്.ഐ വനിതാ പ്രവർത്തകരുടെ അപ്രതീക്ഷിത പ്രതിഷേധം, പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനം തടഞ്ഞു
ന്യൂഡൽഹി: രാത്രിയിലും രാജ്യതലസ്ഥാനത്ത് പ്രതിഷേധം. എസ്.എഫ്.ഐയുടെ വനിതാ പ്രവർത്തകർ നടത്തിയ അപ്രതീക്ഷിത പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത പൊലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും പൊലീസ് വാഹനം തടഞ്ഞുനിർത്തി പ്രവർത്തകർ പ്രതിഷേധിച്ചു. ദേശീയ പതാകകളുമായാണ് പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്.
നേരത്തെ കൊണാട്ട് പ്ലേസിൽ ദിശാ സ്റ്റുഡന്റ് അസോസിയേഷൻ നടത്തിയ പ്രതിഷേധത്തിനുനേരെ പൊലീസ് അതിക്രമമുണ്ടായി. പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് മർദിക്കുകയും ബലമായി വലിച്ചിഴച്ച് വാഹനങ്ങളിൽ കയറ്റുകയും ചെയ്തു. പ്രദേശത്തുനിന്ന് നൂറോളം പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. ക്രാന്തികാരി പാർട്ടി, ഭാരത് ക്രാന്തികാരി മസ്ദൂർ പാർട്ടി തുടങ്ങിയ സംഘടനകളുടെ പങ്കാളിത്തവും പ്രതിഷേധത്തിലുണ്ടായിരുന്നു. ഡൽഹിയിലെ ആർ.കെ. ആശ്രമി മാർഗിൽ പ്രതിഷേധം നടത്തിയ ഐസ പ്രവർത്തകരെ പൊലീസ് ബലമായി നീക്കംചെയ്തു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഐസ നേതാവ് നേഹാ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, ഡൽഹി പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും എം.പിയുമായ എ.എ. റഹീം. ജയിൽ മാതൃകയിൽ പൊലീസ് തയാറാക്കിയ വാഹനത്തിനുള്ളിലെ ദൃശ്യങ്ങൾ കാണിച്ചാണ് റഹീം മാധ്യമങ്ങളോട് സംസാരിച്ചത്. ‘നാല് ചക്രങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഗ്വാണ്ടനാമോ ജയിലാണിത്. ലോകത്ത് ഏറ്റവുമധികം കുപ്രസിദ്ധി ആർജിച്ച ഒരു ജയിലാണ് ഗ്വാണ്ടനാമോ. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിൽ, പീഡനത്തിന്റെ കാര്യത്തിൽ ലോകത്ത് കുപ്രസിദ്ധി ആർജിച്ച ജയിൽ. അങ്ങനെ ഒരു സഞ്ചരിക്കുന്ന ഗ്വാണ്ടനാമോയാണ് രാജ്യതലസ്ഥാനത്തുള്ളത്. ഇതാണോ മദർ ഓഫ് ഡെമോക്രസി?
ആളുകളെ ഇവിടുന്ന് കസ്റ്റഡിയിൽ എടുക്കുന്നു, പോകുന്ന വഴിയിൽ അവിടെ നിന്ന് അവരെ ഇറക്കുന്നു, തുടർന്ന് ഈ ടോർച്ചർ ക്യാമ്പിലേക്ക് കയറ്റുന്നു. സഞ്ചരിക്കുന്ന ടോർച്ചർ ക്യാമ്പാണിത്. അതിനകത്ത് നിന്ന് സഖാക്കൾ പകർത്തിയ ദൃശ്യങ്ങൾ നോക്കൂ. ഇതിൽ വിവസ്ത്രനായി നിൽക്കുന്നത് ഡി.വൈ.എഫ്.ഐ നേതാവ് സഖാവ് ജെയ്ക് സി. തോമസ് ആണ്. നിങ്ങൾ അൽപം മുമ്പ് കണ്ടില്ലേ ഒരു പാർലമെന്റ് അംഗത്തെ ഇവിടെ നിന്ന് വലിച്ചിഴച്ചു. ബ്രിട്ടാസ് അവിടെ വയ്യാതിരിക്കുകയാണ്. മാധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കയാണ് അദ്ദേഹത്തെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത്.
എന്താ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണോ? ആർക്കാണ് ഇതിനെ ന്യായീകരിക്കാൻ കഴിയുക? ഈ ദൃശ്യങ്ങൾ ഈ രാജ്യമുള്ള കാലിടത്തോളം ലോകമുള്ള കാലത്തോളം ഇന്ത്യക്ക് മുന്നിൽ ചോദ്യചിഹ്നമായി നിൽക്കും. നിങ്ങൾക്ക് ഞങ്ങളെ ജയിലിലടക്കാം. പക്ഷേ, ഞങ്ങളുടെ പ്രതിരോധശക്തിയെയും സമരശക്തിയെയും നിങ്ങൾക്ക് ഇല്ലാതാക്കാൻ ആകില്ല. ഞങ്ങൾ ഈ തെരുവിൽ ഉണ്ടാകും. ഈ പോരാട്ടം അവസാനിക്കില്ലെന്നും എ.എ. റഹീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.