പുരുഷനായി ചമഞ്ഞ് രണ്ട് വിവാഹം ചെയ്ത യുവതി അറസ്റ്റിൽ 

നൈനിറ്റാൽ: സ്ത്രീധനത്തിനായി പുരുഷ വേഷം കെട്ടി രണ്ട് വിവാഹം കഴിച്ച യുവതി അറസ്റ്റിൽ. കൃഷ്ണ സെൻ എന്ന പേരിലറിയപ്പെട്ട സ്വീറ്റി സെന്നിനെ ആണ് ഉത്തരാഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തരാഖണ്ഡിലെ നൈനിറ്റാൽ ജില്ലയിലാണ് സംഭവം. ഉത്തർപ്രദേശിലെ ബിജ്നോറിലെ ദംപൂരിൽ നിന്നാണ് സ്വീറ്റി സെന്നിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

പുരുഷനാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ആയിരുന്നു യുവതിയുടെ തട്ടിപ്പെന്ന് നൈനിറ്റാൽ പൊലീസ് സൂപ്രണ്ടന്‍റ് ജംമേജെയ് ഖൻദൂരി പറഞ്ഞു. 2013ലാണ് കൃഷ്ണ സെൻ എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സ്വീറ്റി സെൻ ഉണ്ടാക്കിയത്. തുടർന്ന് പുരുഷ വേഷത്തിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. ഫേസ്ബുക്കിലൂടെ നിരവധി യുവതികളോട് ചാറ്റ് ചെയ്യുകയും അവരെ വശീകരിക്കുകയുമായിരുന്നു.  

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം ഹൽദ്വാനിയിലെ കാത്ഗോദാമിലെത്തി യുവതിയെ നേരിൽ കണ്ട സ്വീറ്റി സെൻ, തനിക്ക് അലിഗഡിൽ സി.എൽ.എഫ് ബൾബിന്‍റെ കച്ചവടമാണെന്നും യുവതിയെ പറഞ്ഞു വിശ്വസിപ്പിച്ചു. തുടർന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് ശേഷം ഭാര്യയെ മർദിക്കുകയും ഫാക്ടറി നിർമിക്കുന്നതിനായി എട്ടര ലക്ഷം രൂപ സ്ത്രീധനം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

2016 ഏപ്രിലിലാണ് കാലാദുംഗി സ്വദേശിയായ യുവതിയെ കബളിപ്പിച്ച് സ്വീറ്റി സെൻ രണ്ടാമത്തെ വിവാഹം നടത്തിയത്. ഹൽദ്വാനിയിലെ തികോനിയയിൽ ഭാര്യയുമൊത്ത് വാടക വീട് എടുത്ത് താമസിക്കുകയായിരുന്നു. കാലാദുംഗിയിൽ എത്തിയപ്പോൾ തന്നെ കൃഷ്ണ സെൻ പുരുഷനല്ലെന്ന് രണ്ടാമത്തെ ഭാര്യ തിരിച്ചറിഞ്ഞു. എന്നാൽ, സംഭവം പുറത്തുപറയാതെ അവസരത്തിനായി യുവതി കാത്തിരുന്നു. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി ഹൽദ്വാനി പൊലീസിൽ യുവതി പരാതിപ്പെടുകയായിരുന്നു. 

ചെറുപ്പം മുതൽ ആൺകുട്ടിയായി ജീവിക്കാനാണ് താൻ ആഗ്രഹിച്ചതെന്ന് സ്വീറ്റി സെൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. പുരുഷനെ പോലെയാകാൻ മുടി മുറിക്കുകയും സിഗരറ്റ് വലിക്കുകയും മോട്ടോർസൈക്കിളിൽ കറങ്ങി നടക്കുകയും സ്വീറ്റി സെൻ ചെയ്തു. വൈദ്യപരിശോധനയിൽ സ്വീറ്റി സെൻ യുവതിയാണെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Woman poses as man, marries two women for dowry in Uttarakhand -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.