മോദി ഷോ ചീറ്റി; ഇനി ‘ബി.ജെ.പി മുക്ത ദക്ഷിണേന്ത്യ’

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി റോഡ് ഷോ നടത്തിയിട്ടും അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ദിവസങ്ങളോളം കർണാടകയിൽ പ്രചാരണം നടത്തിയിട്ടും അടിപതറി ബി.ജെ.പി. കർണാടകയിൽ അധികാരം നഷ്ടപ്പെട്ടതോടെ ദക്ഷിണേന്ത്യയിൽ അഡ്രസില്ലാത്ത പാർട്ടിയായി ബി.ജെ.പി.

ദക്ഷിണേന്ത്യയിലെ അഞ്ചു സംസ്ഥാനങ്ങളിൽ കർണാടകയിൽ മാത്രമാണ് ബി.ജെ.പിക്ക് സ്വന്തം നിലയിൽ ഇതുവരെ സർക്കാർ രൂപവത്കരിക്കാനായത്. മോദിയുടെ നേതൃത്വത്തിൽ ബി.ജെ.പി നടത്തിയ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് കോൺഗ്രസ് തിളക്കമാർന്ന ജയം നേടിയത്. കോൺഗ്രസ് മുക്ത ഭാരതമെന്ന സ്വപ്നം കൊണ്ടുനടക്കുന്ന ബി.ജെ.പി, ഇനി ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’യെന്ന യാഥാർഥ്യത്തെ നേരിടണം. തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയോടൊപ്പം സഖ്യമായി മത്സരിക്കുന്ന ബി.ജെ.പിക്ക് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കേരളത്തിൽ പാർട്ടിക്ക് ഒരു എം.എൽ.എ പോലുമില്ല. സംസ്ഥാനത്ത് ആദ്യമായാണ് 2016ലെ തെരഞ്ഞെടുപ്പിൽ ഒരു ബി.ജെ.പി എം.എൽ.എ (ഒ. രാജഗോപാൽ) ജയിക്കുന്നത്. തെലങ്കാനയിൽ 2014ലെ തെരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ ജയിച്ച ബി.ജെ.പി, 2018ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങി.

എന്നാൽ, തൊട്ടടുത്ത വർഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ആകെയുള്ള 17 സീറ്റുകളിൽ നാലെണ്ണത്തിൽ പാർട്ടി സ്ഥാനാർഥികൾ ജയിച്ചു. 19.45 ശതമാനം വോട്ടുവിഹതവും നേടി. മാസങ്ങൾക്കുശേഷം നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തെലങ്കാനയിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. സംസ്ഥാനത്തിന്‍റെ ചുമതല പ്രിയങ്ക ഗാന്ധിക്കാണ്. കർണാടകയിലെ വിജയം തെലങ്കാന കോൺഗ്രസിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ആന്ധ്രപ്രദേശിൽ 2014ലെ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ ജയിച്ച ബി.ജെ.പി 2019ലെ തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായി. കർണാടകയിലെ അട്ടിമറി തോൽവി, അയൽ സംസ്ഥാനങ്ങളിലും പാർട്ടിയെ പ്രതികൂലമായി ബാധിക്കും.

Tags:    
News Summary - With Karnataka loss, BJP has no state government in south India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.