ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമർശനവുമായി രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. വാഗ്ദാനങ്ങൾക്കും വാക്കുകൾക്കുമല്ല, പ്രവൃത്തികൾക്കാണ് പ്രാധാന്യമെന്നും വിദേശത്ത് നല്ല വാക്കുകൾ പറയുന്നവർ സ്വന്തം നാട്ടിൽ വിഷയത്തിൽ മൗനം പാലിക്കുകയാണെന്നും കപിൽ സിബൽ വിമർശിച്ചു. 'നാനാത്വത്തിൽ ഏകത്വം ഭാരതത്തിന്റെ ഡിഎൻഎയിലുണ്ട്' എന്നായിരുന്നു മോഹൻ ഭാഗവത് പ്രസംഗത്തിൽ പറഞ്ഞത്. ഭാഗവതിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് ഇത് "വിദേശത്ത് വിവേകപൂർവമായ വാക്കുകളും" എന്നാൽ "സ്വന്തം നാട്ടിൽ മൗനവും" ഉള്ള ഒരു അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ ഇൻഫോസിസ് തിയേറ്ററിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെയും വിവിധ മതനേതാക്കളെയും അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോഹൻ ഭാഗവത് വൈവിധ്യത്തെ ആഘോഷിക്കുകയും ആദരിക്കുകയും വേണമെന്ന് പ്രസ്താവിച്ചത്.
രാഷ്ട്രങ്ങൾ കേവലം ഭൂപ്രദേശങ്ങൾ മാത്രമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, പ്രപഞ്ചത്തിന്റെ രൂപകൽപനയിൽ ഓരോ രാഷ്ട്രത്തിനും നിർവഹിക്കാൻ കൃത്യമായ കടമകളുണ്ടെന്ന് ഓർമിപ്പിച്ചു. സ്വാമി വിവേകാനന്ദന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, ഭാരതത്തിന് പ്രത്യേകമായൊരു നിയോഗമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഐക്യവും വൈവിധ്യവുമാണ് ഭാരതത്തിന്റെ ഡി.എൻ.എയിലുള്ളതെന്നും, നാം ഒന്നാണെന്നും എന്നാൽ വൈവിധ്യങ്ങളിലൂടെ ആ ഏകത്വം കൂടുതൽ മനോഹരമാക്കപ്പെടുന്നുവെന്നും ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഭാരതത്തിന്റെ ദൗത്യമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂയോർക്കിൽ നടന്ന മറ്റൊരു ചടങ്ങിൽ, മുസ്‌ലിം വിഭാഗത്തിൽപ്പെട്ട ഒരു സംഘം തന്നോട് ഹിന്ദുത്വയെക്കുറിച്ച് ചോദിച്ച വിഷയം അദ്ദേഹം അനുസ്മരിച്ചു. എല്ലാ വഴികളും ചെന്നെത്തുന്നത് ഒരേ ലക്ഷ്യത്തിലേക്കാണെന്നും എല്ലാ മനുഷ്യർക്കും തുല്യ അന്തസ്സുണ്ടെന്നും വിശ്വസിക്കുന്നവനാണ് യഥാർഥ ഹിന്ദുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതത്തിൽ മുസ്‌ലിംകൾ ഉണ്ടാകരുത് എന്ന് ചിന്തിക്കുന്ന ഒരാൾക്ക് ഒരിക്കലും ഹിന്ദുവായി തുടരാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.