എ.എം. ഷാജഹാൻ
കോഴിക്കോട്: തമിഴ്നാട്ടിൽ ജോസഫ് വിജയ് മന്ത്രിസഭയിൽ മുസ്ലിം ലീഗ് പ്രതിനിധിയായി ന്യൂനപക്ഷ ക്ഷേമ, വഖഫ് ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റ എ.എം. ഷാജഹാൻ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു. പ്രവാസി ലീഗ് സ്വീകരണത്തിന് കോഴിക്കോട്ട് എത്തിയതായിരുന്നു മന്ത്രി.
? വിജയ് സർക്കാറിൽ മന്ത്രിയായി അധികാരമേറ്റപ്പോൾ എന്താണ് പ്രതീക്ഷ
-തമിഴ്നാട്ടിൽ ഇത് ചരിത്ര സംഭവമായാണ് വിലയിരുത്തുന്നത്. മന്ത്രിസഭ പ്രവേശനം മുസ്ലിം ലീഗിനും അഭിമാന നേട്ടമാണ്. ന്യൂനപക്ഷങ്ങൾക്ക് ലഭിച്ച അംഗീകാരം കൂടിയായാണ് ഞാൻ ഇതിനെ നോക്കിക്കാണുന്നത്. ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കപ്പെട്ടതാണ്. റിപ്പോർട്ട് വന്നിട്ട് രണ്ടു പതിറ്റാണ്ടായെങ്കിലും ഇപ്പോഴും ഈ അവസ്ഥയിൽ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പുതിയ ബജറ്റിൽ ഇതിനായി 20 പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ഇത് പ്രായോഗവത്കരിക്കുകയാണ് പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ ഉൾപ്പെടെ ക്ഷേമ പ്രവർത്തനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുമെന്നതാണ് അതിൽ പ്രധാനം. തൊഴിൽ വൈദഗ്ധ്യമുള്ളവരാക്കി മാറ്റുന്നതിന് പലിശരഹിത വായ്പ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. തമിഴ്നാടിന്‍റെ ന്യൂനപക്ഷ സാമൂഹിക സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
? നേരത്തെ ഡി.എം.കെ സർക്കാറിനെ പിന്തുണച്ചിരുന്ന മുസ്ലിം ലീഗ് ഇപ്പോൾ വിജയ് സർക്കാറിനെ എങ്ങനെ വിലയിരുത്തുന്നു
-പുതിയ സർക്കാറിനെ പ്രതീക്ഷയോടെയാണ് തമിഴ് ജനത നോക്കിക്കാണുന്നത്. നാലു ലക്ഷം കോടി രൂപയുടെ ബജറ്റ് നിർദേശങ്ങളുള്ള ഒരു ഭരണ സംവിധാനത്തിൽ അഴിമതി സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആയിരക്കണക്കിന് കോടി രൂപയുടെ ചോർച്ച ഇതിന് മുമ്പ് സംഭവിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. ഇതിന് തടയിടുക എന്നതാണ് വിജയ് സർക്കാർ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നത്. അഴിമതി മുക്ത തമിഴ്നാടിനെ സൃഷ്ടിക്കുക എന്ന ദൗത്യം ഏറ്റെടുത്ത് സാക്ഷാത്കരിക്കുന്നതിൽ തമിഴ് ജനതയുടെ പിന്തുണയും സഹകരണവും സർക്കാറിനുണ്ടാകും. പണം കൊടുത്ത് വോട്ട് വാങ്ങുന്ന പരമ്പരാഗത രീതിക്ക് തടയിട്ടാണ് വിജയ് സർക്കാർ അധികാരത്തിലേറിയത് എന്നതിനാൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരേണ്ടത് സർക്കാറിന്‍റെ ബാധ്യതയാണ്. മദ്യ, ലഹരി മുക്ത തമിഴ്നാടും സർക്കാറിന്‍റെ ലക്ഷ്യമാണ്. ശക്തമായ മതേതര ഭൂമികയാണ് തമിഴ്നാടെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചു. അങ്ങനെത്തന്നെ സംസ്ഥാനത്തെ നയിക്കാൻ വിജയ് സർക്കാറിനാകും.
? വഖഫ് ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ബോർഡിൽ പിടിമുറുക്കാനുള്ള കേന്ദ്ര സർക്കാർ നീക്കങ്ങളെ എങ്ങനെ കാണുന്നു
-വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ നടക്കുന്ന നിയമ വ്യവഹാരങ്ങളിൽ സർക്കാരും പാർട്ടിയെന്ന നിലയിൽ മുസ്ലിം ലീഗും കക്ഷി ചേർന്നിട്ടുണ്ട്. വഖഫ് ബോർഡിന്‍റെ സാധുത തന്നെ ചോദ്യംചെയ്യുന്ന നിയമഭേദഗതി എതിർക്കപ്പെടേണ്ടത് തന്നെയാണ്. ഇതുസംബന്ധിച്ച സർക്കാർ നയം നേരത്തെ വ്യക്തമാക്കയിട്ടുമുണ്ട്. ആ നിലക്കുതന്നെ മുന്നോട്ട് പോകും.
? മന്ത്രിസ്ഥാനം സംസ്ഥാനത്ത് പാർട്ടിക്ക് എത്രത്തോളം നേട്ടമാകും
-ഭരണ സാരഥ്യം പാർട്ടിക്ക് മുതൽക്കൂട്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിന് പുറത്ത് പാർട്ടിക്ക് ലഭിച്ച വലിയ അംഗീകാരമാണ് തന്‍റെ മന്ത്രിസ്ഥാനം. ജനങ്ങൾ, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിലും തന്നിലും അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കും. കേരളവുമായി അഭേദ്യബന്ധം പുലർത്തുന്ന സംസ്ഥാനമെന്ന നിലയിൽ വിദ്യാർഥികൾ ഉൾപ്പെടെ മലയാളികൾ അനുഭവിക്കുന്ന എന്ത് പ്രശ്നവും ശ്രദ്ധയിൽപ്പെടുത്തിയാൽ പരിഹരിക്കാൻ തന്‍റെ കഴിവിന്‍റെ പരമാവധി ശ്രമിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.