ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ 'ശുദ്ധീകരണ' പൂജ നടത്തിയ ബിജെപി നടപടിയിൽ പ്രതിഷേധിച്ച് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ച് ഇന്ത്യൻ യൂത്ത് കോൺഗ്രസ്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ ഖാർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ ഹവനവും ശുദ്ധീകരണ പൂജയും നടത്തിയത് ദളിത് സമൂഹത്തെയാകെ അപമാനിക്കുന്നതാണെന്നും സംഭവത്തിൽ മാപ്പ് പറയാനോ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ ബിജെപി സർക്കാർ തയ്യാറായിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ് ഭാനു ചിബിന് നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മനുഷ്യരെ ശുദ്ധരെന്നും അശുദ്ധരെന്നും ഉന്നതരെന്നും അധഃസ്ഥിതരെന്നും തരംതിരിക്കുന്ന വിവേചനത്തിന്റെ പ്രതീകമായ മനുസ്മൃതിക്ക് ഇന്ത്യയിൽ യാതൊരു സ്ഥാനവുമില്ലെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ദളിത് പിന്നാക്ക ജനവിഭാഗങ്ങളെ അപമാനിക്കുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെയുള്ള കൃത്യമായ മറുപടിയാണ് ആർഎസ്എസ് പടിവാതിൽക്കൽ നൽകിയതെന്നും സംഘടന വ്യക്തമാക്കുന്നു.
ഈ രാജ്യം ഭരിക്കപ്പെടേണ്ടത് ബാബാ സാഹിബ് അംബേദ്കറുടെ ഭരണഘടന അനുസരിച്ചാണെന്നും ആർഎസ്എസിന്റെയോ സംഘപരിവാറിന്റെയോ സിദ്ധാന്തങ്ങൾ അനുസരിച്ചല്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രഖ്യാപിച്ചു. വരുംദിവസങ്ങളിലും ബിജെപിയുടെ ദളിത് വിരുദ്ധ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.