അമിത് മാളവ്യ, അർണബ് ഗോസ്വാമി

'ദി നേഷൻ വാണ്ട്സ് ടു നോ’; എന്തിനാണ് എഫ്ഐആർ ഇട്ടതെന്ന് അറിയണമെന്ന് ഹൈകോടതിയിൽ അർണബ് ഗോസ്വാമി

ബെംഗളൂരു: കോൺഗ്രസ് നേതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയും ബിജെപി നേതാവ് അമിത് മാളവ്യയും നൽകിയ ഹരജിയിൽ കർണാടക ഹൈകോടതി സെപ്റ്റംബർ 3-ന് വിധി പറയും. കേസ് പരിഗണിക്കുന്നതിനിടെ, ഇത്തരമൊരു വിഷയത്തിൽ എങ്ങനെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് 'രാജ്യത്തിന് അറിയണം' എന്ന് അർണാബിന്റെ അഭിഭാഷകൻ ചോദിച്ചത് കോടതിമുറിയിൽ കൗതുകമുണർത്തി. അർണബ് ഗോസ്വാമി തന്റെ ടെലിവിഷൻ ചർച്ചകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ജനപ്രിയ വാചകമാണിത്. 

2025 മെയ് മാസത്തിലാണ് ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ മേധാവി ശ്രീകാന്ത് സ്വരൂപ് ബി.എൻ ഇവർക്കെതിരെ പരാതി നൽകിയത്. റിപ്പബ്ലിക് ടിവിയിൽ നടന്ന ഒരു ചർച്ചയ്ക്കിടെ, തുർക്കിയിലെ ഇസ്താംബുൾ കോൺഗ്രസ് സെന്റർ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഓഫീസാണെന്ന് അമിത് മാളവ്യ ആരോപിച്ചിരുന്നു. ഈ പരാമർശത്തിനെതിരെ നൽകിയ പരാതിയിലാണ് അർണബ് ഗോസ്വാമിക്കും അമിത് മാളവ്യക്കുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഇരുവരും കർണാടക ഹൈകോടതിയെ സമീപിക്കുകയും ക്രിമിനൽ നടപടികൾക്ക് സ്റ്റേ സമ്പാദിക്കുകയും ചെയ്തിരുന്നു. 

രാഷ്ട്രീയ പ്രേരിതവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളാണ് ഹരജിക്കാർക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് ഇവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അരുണ ശ്യാം വാദിച്ചു. ജസ്റ്റിസ് എം. നാഗപ്രസന്നയുടെ സിംഗിൾ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വാദങ്ങൾ പൂർത്തിയായതിനെത്തുടർന്ന് വിധി പറയാനായി കേസ് സെപ്റ്റംബർ 3-ലേക്ക് മാറ്റിയ കോടതി, അതുവരെ തുടർനടപടികൾക്കുള്ള സ്റ്റേ നിലനിൽക്കുമെന്നും വ്യക്തമാക്കി. സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി.എൻ. ജഗദീഷ് ഹാജരായി.

Tags:    
News Summary - 'Nation Wants to Know Why FIR Was Registered': Arnab Goswami, Amit Malviya Argue in Karnataka High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.