പ്രതീകാത്മക ചിത്രം

അഞ്ചിൽ ഒന്ന് ഭക്ഷ്യസാമ്പിളിലും നിലവാര പ്രശ്നം; ശിക്ഷ ലഭിക്കുന്നത് 4.8% കേസുകളിൽ മാത്രം

ന്യൂഡൽഹി: രാജ്യത്ത് 2025-26ൽ പരിശോധിച്ച ഭക്ഷ്യസാമ്പിളുകളിൽ 17.9 ശതമാനവും നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്. എന്നാൽ ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ 1,918 എണ്ണത്തിൽ മാത്രമാണ് ശിക്ഷ ലഭിച്ചത്. പരിശോധനയിൽ കണ്ടെത്തുന്ന നിയമലംഘനങ്ങളും തുടർനടപടികളും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നതാണ് കണക്കുകൾ.

2025-26ൽ രാജ്യത്താകെ 2,23,808 ഭക്ഷ്യസാമ്പിളുകൾ പരിശോധിച്ചതിൽ 40,023 എണ്ണം മാനദണ്ഡങ്ങൾ പാലിക്കാത്തവയായിരുന്നു. 2024-25ൽ ഈ വിഹിതം 20.2 ശതമാനവും 2023-24ൽ 19.8 ശതമാനവുമായിരുന്നു. 2022-23ൽ ഇത് 25.1 ശതമാനമായിരുന്നു. അതേസമയം, 31,878 സിവിൽ കേസുകൾ പിഴ ചുമത്തി തീർപ്പാക്കി. 2025-26ലെ കണക്കുകൾ താൽക്കാലികമാണെന്നും തുടർ ലാബ് പരിശോധനകളുടെയും കോടതി നടപടികളുടെയും ഫലത്തിന്റെ അടിസ്ഥാനത്തിൽ മാറ്റം വരാമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശിലാണ് നിലവാരമില്ലാത്ത സാമ്പിളുകളുടെ വിഹിതം ഏറ്റവും ഉയർന്നത്. 2025-26ൽ പരിശോധിച്ച 39,519 സാമ്പിളുകളിൽ 20,427 എണ്ണവും മാനദണ്ഡങ്ങൾ പാലിച്ചില്ല; നിരക്ക് 51.7 ശതമാനം. ഹരിയാനയിൽ 31 ശതമാനവും ഝാർഖണ്ഡിൽ 28 ശതമാനവും രാജസ്ഥാനിൽ 27 ശതമാനവും പുതുച്ചേരിയിൽ 22 ശതമാനവും ഹിമാചൽ പ്രദേശിൽ 20 ശതമാനവുമാണ് രേഖപ്പെടുത്തിയത്.

വലിയ സംസ്ഥാനങ്ങളിൽ തമിഴ്നാടാണ് ഏറ്റവും കൂടുതൽ ഭക്ഷ്യസാമ്പിളുകൾ പരിശോധിച്ചത്; 44,603 സാമ്പിളുകൾ. സംസ്ഥാനതല കണക്കുകളിൽ തമിഴ്നാടാണ് ഏറ്റവും കൂടുതൽ ക്രിമിനൽ ശിക്ഷകൾ രേഖപ്പെടുത്തിയത്, 857 എണ്ണം. ഉത്തർപ്രദേശിൽ 342ഉം കേരളത്തിൽ 330ഉം ശിക്ഷകൾ രേഖപ്പെടുത്തി. ചണ്ഡിഗഢിൽ 17, ഡൽഹിയിൽ 16, ഹരിയാനയിൽ 116 എന്നിങ്ങനെയാണ് കണക്കുകൾ.

ഭക്ഷ്യസുരക്ഷാ വിഭാഗത്തിലെ ജീവനക്കാരുടെ കുറവും പരിശോധനക്കും നിയമനടപടികൾക്കും വെല്ലുവിളിയാണ്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് സ്ഥാപനങ്ങളിലെ പരിശോധന, സാമ്പിൾ ശേഖരണം, നിയമലംഘനങ്ങളിൽ തുടർനടപടി എന്നിവയെ ബാധിക്കുന്നു.

പാൽ, പാലുൽപ്പന്നങ്ങൾ, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണകൾ, മിഠായികൾ തുടങ്ങിയവയാണ് പരിശോധനകളിൽ പതിവായി ശ്രദ്ധയിൽപ്പെടുന്ന പ്രധാന വിഭാഗങ്ങൾ. തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ ഉപയോഗിച്ച നെയ്യിന്റെ ഗുണനിലവാരത്തെച്ചൊല്ലിയ വിവാദവും പാലിലെ മായം സംബന്ധിച്ച കേസുകളും ഭക്ഷ്യസുരക്ഷാ ആശങ്കകൾ ഉയർത്തിയിരുന്നു.

പഞ്ചാബിൽ മൂന്ന് വർഷത്തിനിടെ പരിശോധിച്ച പാൽ, ചീസ്, മറ്റ് പാലുൽപ്പന്നങ്ങളുടെ 47 ശതമാനം സാമ്പിളുകളും പരിശോധനയിൽ പരാജയപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 2024-25ൽ പരിശോധിച്ച 531 ചീസ് സാമ്പിളുകളിൽ 255 എണ്ണവും മാനദണ്ഡങ്ങൾ പാലിച്ചില്ല. സുഗന്ധവ്യഞ്ജനങ്ങളിൽ കൃത്രിമ നിറങ്ങളും മരപ്പൊടിയും, ഭക്ഷ്യ എണ്ണകളിൽ വിലകുറഞ്ഞ പാം ഓയിൽ ചേർത്തുള്ള മായവും കണ്ടെത്തിയിട്ടുണ്ട്.

ഭക്ഷ്യപരിശോധനകൾ വ്യാപകമായിട്ടും നിയമലംഘനങ്ങളിൽ ക്രിമിനൽ ശിക്ഷ ലഭിക്കുന്ന കേസുകളുടെ എണ്ണം താരതമ്യേന കുറവാണ്. മതിയായ ജീവനക്കാരുടെ അഭാവവും നിയമനടപടികളിലെ പരിമിതികളും രാജ്യത്തെ ഭക്ഷ്യസുരക്ഷാ സംവിധാനത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളായി തുടരുകയാണ്.

Tags:    
News Summary - 17.9% Food Samples Fail Standards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.