ട്രെയിനിൽ സ്യൂട്ട് കേസിൽ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം: പ്രതികൾ അസമിൽ പിടിയിൽ

തമിഴ്നാട്: തമിഴ്‌നാട് എക്സ്പ്രസ് ട്രെയിനിൽ സ്യൂട്ട്കേസിൽ യുവതിയുടെ വെട്ടിനുറുക്കിയ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഒളിവിലായിരുന്ന ദമ്പതികൾ മണിപ്പൂരിൽ പിടിയിൽ. 24 ദിവസത്തിനു ശേഷമാണ് പ്രതികളെ കണ്ടെത്തിയത്. അസമിലെ കച്ചാർ ജില്ലക്കാരനായ മാണിക് ഉദ്ദീൻ ലസ്കർ (22), ഒഡിഷയിലെ കേന്ദ്രുജാർ ജില്ലക്കാരിയായ ഭാര്യ ഭഗവതി മാജി (21) എന്നിവരെയാണ് മണിപ്പൂർ-തമിഴ്‌നാട് പൊലീസ് സംയുക്തമായി ജിരിബാം ജില്ലയിൽ നിന്ന് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പ്രതികളെ ഗുഡുഞ്ചേരി പൊലീസ് സ്റ്റേഷനിലെ എച്ച്.ഒ.വിക്ക് കൈമാറിയതായി മണിപ്പൂർ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ആഗസ്റ്റ് 5നാണ് കേസിനാസ്പദമായ സംഭവം പുറത്തറിയുന്നത്. ട്രെയിൻ ആഗ്ര കാന്‍റ് സ്റ്റേഷനിലെത്തിയപ്പോൾ റിസർവ് ചെയ്യാത്ത കമ്പാർട്ട്മെന്‍റിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ചുവന്ന സ്യൂട്ട്കേസിൽ നിന്ന് അസഹനീയമായ ദുർഗന്ധം വമിക്കുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടു. റെയിൽവേ പൊലീസ് പരിശോധനയിൽ തലയറ്റ നിലയിൽ വെട്ടിനുറുക്കിയ ഒരു സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തുകയായിരുന്നു. ചെന്നൈക്ക് സമീപം ഗുഡുഞ്ചേരിയിൽ താമസിച്ച് ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒഡിഷ സ്വദേശിനി ഹയാത്തുൻ നിഷ (38) ആണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് ഫോറൻസിക് പരിശോധനയിൽ തിരിച്ചറിഞ്ഞു.

അന്വേഷണത്തിന്‍റെ ഭാഗമായി ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ലസ്കർ ഭാരമേറിയ ചുവന്ന സ്യൂട്ട്കേസ് കൊണ്ടുപോകുന്നതും ഭാര്യ മാജി അദ്ദേഹത്തോടൊപ്പം ഉള്ളതുമായ ദൃശ്യങ്ങൾ ഇതിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുഡുഞ്ചേരിയിൽ ഇവർ വാടകക്ക് താമസിച്ചിരുന്ന വീട് പൊലീസ് കണ്ടെത്തി. ഈ വീട്ടിൽ നടത്തിയ പരിശോധനയിൽ വലിയ പാത്രത്തിൽ സൂക്ഷിച്ചിരുന്ന നിലയിൽ കൂടുതൽ ശരീരഭാഗങ്ങൾ കൂടി കണ്ടെടുത്തു.

തുടക്കത്തിൽ ഗുഡുഞ്ചേരി പൊലീസ് സ്റ്റേഷനിൽ കാണാതായെന്ന പരാതിയാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ കൊലക്കുറ്റമായി മാറ്റുകയായിരുന്നു. മൃതദേഹം ഉപേക്ഷിച്ച ശേഷം ഒളിവിൽ പോയ പ്രതികൾക്കായി രാജ്യവ്യാപകമായി അന്വേഷണം നടത്തിവരികയായിരുന്നു. ശനിയാഴ്ച മണിപ്പൂരിലെ ജിരിബാം ജില്ലയിലെ കാഷിംപൂരിൽ വെച്ചാണ് പ്രതികൾ പിടിയിലായത്.

മണിപ്പൂരിലെ ഒരു മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്ന പ്രതികളെ ട്രാൻസിറ്റ് വാറണ്ടിൽ തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷമേ കൊലപാതകത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമാകൂ എന്നും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - suspect in tamilnadu train suit case murder arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.