‘സോനം, സമരം തീർന്നു ബ്രോ’; സൽമാൻ ഖാന്റെ ഉപദേശത്തിന് പ്രതികരണവുമായി സോനം വാങ്ചുക്ക്: 'എല്ലാവർക്കും അവരുടേതായ പരിമിതികളുണ്ട് '

ന്യൂഡൽഹി: ജന്തർ മന്ദറിൽ വിദ്യാർഥി പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് താൻ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ പങ്കുവെച്ച സന്ദേശത്തോട് പ്രതികരിച്ച് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക്. സൽമാന്റെ വാചകങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിൽ വലിയ തരംഗവും ട്രോളുകളുമായി മാറിയിരുന്നു. ഇതിനോട് സൗമ്യമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് സോനം വാങ്ചുക്ക്.

 "എല്ലാവർക്കും അവരുടേതായ എന്തെങ്കിലും പരിമിതികളും നിർബന്ധിത സാഹചര്യങ്ങളും കാണും. സമൂഹത്തിൽ നിൽക്കുമ്പോൾ ചുറ്റുമുള്ള കാര്യങ്ങളും മുന്നും പിന്നും ഒക്കെ നോക്കേണ്ടി വരും. എങ്കിലും അദ്ദേഹം അങ്ങനെയൊരു കാര്യം പറഞ്ഞതിനെ ഞാൻ ബഹുമാനത്തോടെ കാണുന്നു." ഒരു യൂടൂബ് പോഡ്‌കാസ്റ്റിൽ അതിഥിയായി എത്തിയപ്പോഴാണ് സോനം വാങ്ചുക്ക് ഈ വിഷയത്തിൽ മനസ്സ് തുറന്നത്. സൽമാൻ ഖാന്റെ വൈറൽ വാചകമായ "Sonam, it's done bro" എന്ന് അച്ചടിച്ച ഒരു ടീ-ഷർട്ട് പോഡ്‌കാസ്റ്റിനിടെ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചു. 

കഴിഞ്ഞ ജൂലൈയിൽ, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ നടത്തിയ പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി സൽമാൻ ഖാൻ രംഗത്തെത്തിയിരുന്നു. തുടർന്ന് പോസ്റ്റ് ചെയ്ത മറ്റൊരു കുറപ്പിലാണ് സമരം അവസാനിപ്പിക്കാൻ സൽമാൻ ആവശ്യപ്പെട്ടത്. "വിദ്യാഭ്യാസ കാര്യത്തിലും സുരക്ഷാ കാര്യത്തിലും വിദ്യാർഥികൾക്കാണ് മുൻഗണന, അതിനാൽ വിദ്യാർഥികളോ അവരുടെ മാതാപിതാക്കളോ ഇതിൽ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്, ചോദ്യപേപ്പർ ചോർച്ചക്ക് കാരണക്കാരായ എല്ലാവർക്കുമെതിരെ അദ്ദേഹം കർശന നടപടിയെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതിനാൽ വിദ്യാർഥികളേ, ദയവായി നിങ്ങളുടെ മാതാപിതാക്കളുടെ അടുത്തേക്ക് വീട്ടിലേക്ക് മടങ്ങുക. സോനം, ഇനി ഇതവസാനിപ്പക്കൂ സഹോദരാ. ഇനി ഇത് നീട്ടിക്കൊണ്ടുപോകരുത്. ആവശ്യമെങ്കിൽ മറ്റൊരു ദിവസത്തേക്ക് ഈ വീര്യം മാറ്റിവെക്കൂ. അങ്ങനെയൊരു ആവശ്യം വരും എന്ന് ഞാൻ കരുതുന്നില്ല. ഇപ്പോൾ എന്തെങ്കിലും കഴിക്കൂ. വേണമെങ്കിൽ ഞാൻ വീട്ടിൽ നിന്ന് ഭക്ഷണം കൊടുത്തയക്കാം." എന്നാണ് സൽമാൻ ഖാൻ പോസ്റ്റ് ചെയ്തത്.

ജൂൺ 28-നാണ് കോക്രോച്ച് ജനതാ പാർട്ടി (സി. ജെ.പി) വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് പിന്തുണയുമായി വാങ്ചുക്ക് നിരാഹാരം ആരംഭിച്ചത്. ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹ, ഷബാന ആസ്മി, പ്രകാശ് രാജ് എന്നിവരും പ്രതിഷേധങ്ങൾക്ക് പിന്തുണ അറിയിച്ചിരുന്നു. പിന്നീട് ഡൽഹി പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സമരം തുടർന്നു. ഒടുവിൽ കേന്ദ്രമന്ത്രി രാജിവെക്കുകയും വിദ്യാർഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിപ്പിച്ചത്.

Tags:    
News Summary - Sonam Wangchuk reacts to Salman Khan's viral remark on hunger strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.