മുഖ്യമന്ത്രി സിദ്ധരാമയ്യയും അസിം പ്രേംജിയും

ബംഗളൂരുവിലെ ഗതാഗതക്കുരുക്ക്: സിദ്ധരാമയ്യയുടെ ആവശ്യം തള്ളി വിപ്രോ ചെയർമാൻ

ബംഗളൂരു: കമ്പനിയുടെ സർജാപുർ കാമ്പസിലൂടെ പരിമിതമായ വാഹന ഗതാഗതം അനുവദിക്കണമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭ്യർഥന വിപ്രോ സ്ഥാപകനും ചെയർമാനുമായ അസിം പ്രേംജി നിരസിച്ചു. കാമ്പസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു സ്വകാര്യ സ്വത്താണെന്നും പൊതുഗതാഗതത്തിന് അനുയോജ്യമല്ലെന്നും ചെയർമാൻ അസിം പ്രേംജി പറഞ്ഞു. കാമ്പസിലൂടെ പൊതു വാഹന ഗതാഗതം അനുവദിക്കുന്നത് നിയമപരവും ഭരണപരവും നിയമനിർമാണപരവുമായ കാര്യങ്ങൾക്ക് വെല്ലുവിളി ഉയർത്തും.

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കത്തിന് മറുപടിയായി വിപ്രോ സ്ഥാപകൻ അസിം പ്രേംജി, ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് കമ്പനിയുടെ ബംഗളൂരു കാമ്പസിലൂടെ പരിമിതമായ പൊതു വാഹന ഗതാഗതം അനുവദിക്കണമെന്ന അദ്ദേഹത്തിന്റെ അഭ്യർഥന നിരസിക്കുകയായിരുന്നു.

സർജാപുർ കാമ്പസ് സ്വകാര്യ സ്വത്താണെന്നും ആഗോള ക്ലയന്റുകൾക്ക് സേവനങ്ങൾ നൽകുന്ന ഒരു പ്രത്യേക സാമ്പത്തിക മേഖലയുടെ ഭാഗമാണെന്നും ചൂണ്ടിക്കാട്ടി. കരാർ ബാധ്യതകളും കർശനമായ നിയന്ത്രണങ്ങളും ​കാമ്പസ് പ്രവർത്തനത്തെ സാരമായി ബാധിക്കും. കാമ്പസിലൂടെ പൊതുഗതാഗതം അനുവദിക്കുന്നത് സുസ്ഥിരവും ദീർഘകാല​ത്തേക്കുള്ളതുമായ പരിഹാരമാവില്ല. എങ്കിലും, ബംഗളൂരുവിന്റെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹകരണപരവും ഡേറ്റ അധിഷ്ഠിതവുമായ സമീപനത്തിൽ സംസ്ഥാന സർക്കാറുമായി പങ്കാളിയാകാൻ കമ്പനി സന്നദ്ധത പ്രകടിപ്പിച്ചു. നടപ്പാക്കാവുന്ന പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് നഗര ഗതാഗത മാനേജ്‌മെന്റിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ഒരു സമഗ്ര പഠനം കമീഷൻ ചെയ്യാൻ നിർദേശിക്കുകയും ചെയ്തു.

കർണാടകക്ക് വിപ്രോയുടെ സംഭാവനകൾ തിരിച്ചറിഞ്ഞതിന് സിദ്ധരാമയ്യയോട് പ്രേംജി തന്റെ കത്തിൽ നന്ദി പറഞ്ഞു, കയറ്റുമതി അധിഷ്ഠിത സാമ്പത്തിക കേന്ദ്രമായി അറിയപ്പെടുന്ന ഒരു പ്രദേശമായ ഔട്ടർ റിങ്റോഡിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയും അദ്ദേഹം അംഗീകരിച്ചു. നഗര ഗതാഗത മാനേജ്മെന്റിലെ വിദഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്താൻ പ്രേംജി നിർദേശിച്ചിട്ടുണ്ട്.

ഇടക്കാലത്തേക്കുള്ള ഗതാഗത സംവിധാനത്തിനു പകരം ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കാൻ കഴിയുന്ന ഫലപ്രദമായ പരിഹാരങ്ങളുടെ സമഗ്രമായ റോഡ്മാപ്പ് തയാറാക്കാൻ വിപ്രോ തയാറാണ്. ഈ വിദഗ്ധ പഠനത്തിനുള്ള ചെലവിന്റെ ഒരു പ്രധാന ഭാഗം വഹിക്കാനും ഒരുക്കമാണ്. കർണാടക സർക്കാറുമായി സഹകരിക്കാനുള്ള വിപ്രോയുടെ പ്രതിബദ്ധതയും ഡേറ്റ അധിഷ്ഠിത സമീപനവും ബംഗളൂരുവിന്റെ വികസനത്തിൽ സ്വാധീനം ചെലുത്തുമെന്നും പ്രേംജി പറഞ്ഞു. 

Tags:    
News Summary - Wipro chairman rejects Siddaramaiah's demand for traffic congestion in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.