അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് സോണിയ; നാളത്തെ പ്രവർത്തക സമിതി യോഗത്തിൽ ചർച്ചചെയ്യും
ന്യൂഡൽഹി: കോൺഗ്രസ് ഇടക്കാല അധ്യക്ഷപദവി ഒഴിയാൻ സന്നദ്ധത അറിയിച്ച് സോണിയ ഗാന്ധി. നാളെ ചേരുന്ന പ്രവർത്തക സമിതി യോഗത്തിൽ തീരുമാനം അറിയിക്കും. സോണിയ അധ്യക്ഷ പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ നാളെ ആരംഭിക്കുമെന്നാണ് വിവരം.
മുഴുവൻ സമയം പ്രവർത്തിക്കുന്ന കാര്യക്ഷമമായ നേതാവിനെയാണ് ആവശ്യം എന്നറിയിച്ച് 20ഓളം മുതിർന്ന അംഗങ്ങൾ ഒപ്പിട്ട് നൽകിയ കത്തിന് മറുപടിയായാണ് സോണിയയുടെ വിശദീകരണം. രാഹുൽ ഗാന്ധിക്കും സോണിയക്കും കത്തിൽ വിമർശനം ഇല്ലെങ്കിലും മുഴുവൻ സമയ നേതാവിനെ ആവശ്യമാണെന്നും പാർട്ടിയുടെ പ്രവർത്തന ശെലിയും നേതൃത്വവും മാറണമെന്നും കത്തിൽ അറിയിച്ചിരുന്നു. പാർട്ടിയിൽ അടിമുടി മാറ്റമാണ് നേതാക്കളുടെ ആവശ്യം. കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ്, പൃഥ്വിരാജ് ചൗഹാൻ, വിവേക് താൻക, ആനന്ദ് ശർമ തുടങ്ങിയവരാണ് കത്തെഴുതിയത്.
കോൺഗ്രസിലെ മാറ്റത്തിന് കത്തിൽ നിർദേശിച്ച പ്രധാന കാര്യങ്ങൾ :
- പാർട്ടി ഭരണഘടന പ്രകാരം കോൺഗ്രസ് പ്രവർത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തണം.
- എ.ഐ.സി.സിയിലും പി.സി.സി ആസ്ഥാനങ്ങളിലും മുഴുസമയ, സജീവ നേതൃത്വം ഏതുസമയവും ലഭ്യമായ വിധത്തിൽ ഉണ്ടാകണം.
- ജനാധിപത്യപരമായി പാർട്ടി തെരഞ്ഞെടുപ്പുകൾ നടത്തുന്നതിന് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അതോറിറ്റി വേണം.
- ബ്ലോക്ക്, പി.സി.സി പ്രതിനിധികളെയും എ.ഐ.സി.സി അംഗങ്ങളെയും തെരഞ്ഞെടുക്കണം.
- പാർട്ടിയുടെ പുനരുദ്ധാരണത്തിന് കൂട്ടായി വഴികാട്ടാൻ പറ്റിയ വിധത്തിൽ സ്ഥാപനപരമായ നേതൃത്വ സംവിധാനം വേണം.
- ബി.ജെ.പിയെ നേരിടാൻ സമാന ചിന്താഗതിക്കാരായ പാർട്ടികളുടെ ദേശീയ സഖ്യം രൂപപ്പെടുത്തണം. കോൺഗ്രസ് വിട്ടവർ പാർട്ടിയിൽ തിരിച്ചെത്തുന്നതിെൻറ സാധ്യത തേടണം.
അതേസമയം, മുതിർന്ന കോൺഗ്രസ് നേതാക്കളായ അമരീന്ദർ, ഭൂപേഷ് ബാഗേൽ എന്നിവർ പാർട്ടി അധ്യക്ഷയായി സോണിയ തന്നെ തുടരണമെന്ന ആവശ്യവും ഉന്നയിച്ചു. അഴിച്ചുപണിക്കുള്ള സമയം ഇതല്ലെന്നും അവ ബി.ജെ.പിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നുമായിരുന്നു മുതിർന്ന നേതാക്കളുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.