ഇന്ത്യക്കാരുടെ സാമ്പത്തിക കാര്യങ്ങളിൽ അന്തിമ തീരുമാനം എഐയുടേതോ; റിപ്പോർട്ട് പുറത്തുവിട്ട് എച്ച്.എസ്.ബി.സി ബാങ്ക്

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ ഇന്ത്യയിലെ നിക്ഷേപകർ ലോകത്ത് ഒന്നാം സ്ഥാനത്താണ്. പ്രമുഖ ആഗോള ബാങ്കായ എച്ച്.എസ്.ബി.സി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സമ്പന്നരായ നിക്ഷേപകരിൽ 86 ശതമാനം പേരും തങ്ങളുടെ നിക്ഷേപ പ്രവർത്തനങ്ങൾക്കായി എഐ ഉപയോഗിക്കുന്നുണ്ട്.

എന്നാൽ സാങ്കേതികവിദ്യയുടെ സഹായം തേടുമ്പോഴും നിക്ഷേപങ്ങളുടെ അന്തിമ തീരുമാനം എടുക്കുന്നതിൽ ഇപ്പോഴും മനുഷ്യരായ സാമ്പത്തിക ഉപദേശകർക്ക് തന്നെയാണ് മുൻതൂക്കമെന്ന് എച്ച്എസ്ബിസി നടത്തിയ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. 73 ശതമാനം എന്ന ആഗോള ശരാശരിയേക്കാൾ വളരെ കൂടുതലാണിത്. എന്നിരുന്നാലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിൽ വെറും 15 ശതമാനം പേർക്ക് മാത്രമാണ് എഐയിൽ പൂർണ്ണ വിശ്വാസമുള്ളൂ.

80 ശതമാനം നിക്ഷേപകരും വിവരശേഖരണത്തിനും വിശകലനത്തിനും എഐയെ ഉപയോഗിക്കുന്നു. 70 ശതമാനം പേരും നിക്ഷേപ തന്ത്രങ്ങൾ മെച്ചപ്പെടുത്താൻ എഐയുടെ സഹായം തേടുന്നു. ഏകദേശം മൂന്നിലൊന്ന് ആളുകളും തങ്ങളുടെ തീരുമാനങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാൻ എഐയെ ഒരു സെക്കൻഡ് ഒപ്പീനിയൻ ആയി ഉപയോഗിക്കുന്നുണ്ട്.

നിക്ഷേപകരുടെ മനോഭാവത്തിലും എഐ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്നിൽ രണ്ട് ഭാഗത്തോളം നിക്ഷേപകർ പറയുന്നത് എഐ ഉപയോഗിക്കുന്നത് തങ്ങളെ കൂടുതൽ ആത്മവിശ്വാസത്തോടെ റിസ്ക് എടുക്കാൻ പ്രാപ്തരാക്കുന്നു എന്നാണ്. കഴിഞ്ഞ ഒരു വർഷം തങ്ങൾക്ക് ലഭിച്ച നിക്ഷേപ നേട്ടത്തിന്റെ ശരാശരി 40 ശതമാനം എഐയുടെ സ്വാധീനം മൂലമാണെന്നും ഇവർ വിശ്വസിക്കുന്നു.

ഭാവിയിൽ എഐ മനുഷ്യരായ ഉപദേശകരെ പൂർണ്ണമായും മാറ്റിസ്ഥാപിക്കുമെന്ന വാദത്തെ നിക്ഷേപകർ തള്ളിക്കളയുന്നുണ്ട്. വിവരങ്ങൾ വിശകലനം ചെയ്യാൻ എഐയും, ആ വിവരങ്ങൾക്ക് അർത്ഥം നൽകാനും ഉത്തരവാദിത്തം ഏറ്റെടുക്കാനും മനുഷ്യരും വേണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

നിക്ഷേപകർ എഐയോട് അഭിപ്രായങ്ങളും നിർദേശങ്ങളും ടിപ്സും ചോദിക്കാൻ തയ്യാറാണെങ്കിലും തങ്ങളുടെ പണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ എഐയെ പൂർണ്ണമായി ഏൽപ്പിക്കാൻ അവർ ഇനിയും തയ്യാറായിട്ടില്ലെന്നാണ് സർവേ വ്യക്തമാക്കുന്നത്.

Tags:    
News Summary - Is AI the final decision maker in Indians' financial affairs? HSBC Bank releases report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.