പ്രഫഷനൽ കോൺഗ്രസ് അംഗവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന വാർത്തസമ്മേളനത്തിൽ ഛാത്രോൻ കി ഗൂഞ്ച് ദേശീയ കാമ്പയിൻ പ്രഖ്യാപിക്കുന്നു
ഛാത്രോൻ കി ഗൂഞ്ച്: ധർമേന്ദ്ര പ്രധാന്‍റെ രാജിക്കായി ദേശീയ കാമ്പയിനുമായി കോൺഗ്രസ്
തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ദേശീയ പ്രക്ഷോഭത്തിന് തുടക്കമിട്ട് കോൺഗ്രസ്. ഛാത്രോൻ കി ഗൂഞ്ച് എന്ന 40 ദിവസത്തെ കാമ്പയിൻ രാജ്യത്തെ 28 പ്രധാന നഗരങ്ങളിലായി നടക്കും.
വിദ്യാർഥികൾ, തൊഴിലന്വേഷകർ, കോച്ചിങ് കേന്ദ്രങ്ങൾ, കോളജ് കാമ്പസുകൾ, ലൈബ്രറികൾ, യുവജന ഗ്രൂപ്പുകൾ എന്നിവയെ പങ്കാളികളാക്കുമെന്ന് പ്രഫഷനൽ കോൺഗ്രസ് അംഗവും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയാണ് കാമ്പയിന് തുടക്കമിട്ടത്. സംസ്ഥാനത്ത് 30ന് ലോക് ഭവൻ മാർച്ചോടെ ആരംഭിക്കുന്ന സമരപരിപാടികളുടെ ഒന്നാംഘട്ടം ആഗസ്റ്റ് ഒമ്പതിന് രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന ദില്ലി ചലോ മുന്നേറ്റത്തോടെ സമാപിക്കും.
ഛാത്രോൻ കി ഗൂഞ്ച് കാമ്പയിനിൽ പങ്കുചേരാൻ രാജ്യത്തുടനീളമുള്ള വിദ്യാർഥികളോട് കോൺഗ്രസ് അഭ്യർഥിച്ചു. ഇതിനായി മിസ്‌ഡ് കാൾ നമ്പർ (9873036161) ആരംഭിച്ചു. www.chhatronkigoonj.in വെബ്സൈറ്റിലും രജിസ്റ്റർ ചെയ്യാം.കേരളത്തിന്‍റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി ശ്രാവൺ റാവു, സംസ്ഥാന വർക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറിമാരായ അനുലേഖ ബൂസ, നാഗേഷ് കരിയപ്പ, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ആവശ്യങ്ങൾ:
- കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രക്ഷോഭം തുടരും. ചോദ്യപേപ്പർ ചോർച്ച മാഫിയ, വെണ്ടർ ഏജൻസികൾ, ഉദ്യോഗസ്ഥർ, ഏതെങ്കിലും രാഷ്ട്രീയ സംരക്ഷണ ശൃംഖല എന്നിവരുമായി മന്ത്രിക്ക് ഉണ്ടാകാനിടയുള്ള ബന്ധങ്ങൾ അന്വേഷിക്കണം.
- പരീക്ഷ സമ്പ്രദായത്തിൽ സമ്പൂർണ അഴിച്ചുപണി നടത്തണം. എൻ.ടി.എ പേപ്പർ തയാറാക്കുന്ന പ്രക്രിയ, അച്ചടി സംവിധാനങ്ങൾ, ഗതാഗത ശൃംഖലകൾ, പരീക്ഷ കേന്ദ്രങ്ങൾ, ഡിജിറ്റൽ സംവിധാനങ്ങൾ, വെണ്ടർ കരാറുകൾ എന്നിവയെക്കുറിച്ച് അന്വേഷണം നടത്തി ഓരോ ഘട്ടവും സുരക്ഷിതമാക്കണം.
- വാർഷികാടിസ്ഥാനത്തിൽ നിശ്ചിത പരീക്ഷ റിക്രൂട്ട്‌മെന്റ് കലണ്ടർ നടപ്പാക്കണം. പരീക്ഷ തീയതി, ഫലപ്രഖ്യാപന തീയതികൾ, നിയമന സമയക്രമങ്ങൾ എന്നിവ മുൻകൂട്ടി പ്രഖ്യാപിക്കുകയും കർശനമായി പാലിക്കുകയും വേണം.
സമര പരിപാടികൾ
- ജൂൺ 30 മുതൽ: 28 നഗരങ്ങളിലായി ലഘുലേഖ വിതരണം, വിദ്യാർഥികളുമായി ആശയവിനിമയം, തെരുവ് യോഗങ്ങൾ.
- ജൂലൈ: പ്രതിവാര പരിപാടികൾ, കാമ്പസ് ഔട്ട്റീച്ച് പ്രവർത്തനങ്ങൾ, അംബേദ്കർ ഡയലോഗുകൾ.
- ആഗസ്റ്റ് ഒന്ന്: 28 നഗരങ്ങളിൽ ഘെരാവോ.
- ആഗസ്റ്റ് ഒമ്പത്: രാജ്യത്തുടനീളമുള്ള വിദ്യാർഥികളെ ഒന്നിപ്പിച്ച് ദില്ലി ചലോ മുന്നേറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.