ലണ്ടൻ: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ ഒപ്പുവെക്കാൻ അധികം താമസമില്ലെന്നും എന്നാൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് തീരുവ ആനുകൂല്യം ലഭിക്കാതെ ഈ കരാർ നടപ്പിലാക്കാൻ കഴിയില്ലെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയേൽ. ലണ്ടനിൽ നടന്ന ഇന്ത്യ ഗ്ലോബൽ ഫോറം യു.കെ-ഇന്ത്യ വീക്ക് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ലണ്ടനിലെത്തിയതായിരുന്നു പീയുഷ് ഗോയേൽ. ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യ ഘട്ടത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി യു.എസ് ട്രേഡ് പ്രതിനിധി ജാമിസൺ ഗ്രിയറുമായി അദ്ദേഹം ഈ വാരാദ്യത്തിൽ ചർച്ചകൾ നടത്തിയിരുന്നു. മറ്റ് രാജ്യങ്ങളേക്കാൾ മുൻതൂക്കം നൽകുക എന്നതാണ് ഒരു സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
`ആ മത്സര ആനുകൂല്യം ലഭിക്കുന്നതിനുള്ള ചട്ടക്കൂട് അന്തിമമാക്കുന്നതുവരെ, ഇന്ത‍്യക്ക് നിർബന്ധിതമായി ഒരു യു.എസ് കരാറിൽ ഏർപ്പെടാൻ കഴിയില്ല. ഇതിൽ കൂടുതൽ സുതാര്യമായി എനിക്ക് സംസാരിക്കാനാവില്ല... അതിനാൽ മെച്ചപ്പെട്ട ആനുകൂല്യം ഇന്ത്യക്ക് നൽകാൻ അമേരിക്ക എങ്ങനെയാണ് നിയമപരമായ പിന്തുണയും സംവിധാനങ്ങളും ഒരുക്കുക എന്നതിനെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ നടക്കുന്നത്' അദ്ദേഹം കൂട്ടിച്ചേർത്തു.കരാറുകളിൽ എപ്പോഴും വിട്ടുവീഴ്ചകൾ ഉണ്ടാകും. എന്ന് അദ്ദേഹം പറഞ്ഞു. `ഞങ്ങൾ കരാറിനോട് വളരെ അടുത്താണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-യു.എസ് വ്യാപാര കരാർ 99 ശതമാനവും പൂർത്തീകരിച്ചുവെന്നും അവശേഷിക്കുന്ന തർക്കങ്ങൾ പരിഹരിച്ച് വരും ആഴ്ചകളിൽ തന്നെ കരാർ ഒപ്പുവെക്കുമെന്നാണ് ജൂൺ മൂന്നിന് മുംബൈ സന്ദർശനത്തിനിടെ യു.എസ് അംബാസഡർ സെർജിയോഗോർ അറിയിച്ചത്. 'ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട്' പ്രകാരമുള്ള തീരുവകൾ ഇന്ത‍്യ അമേരിക്കയുമായി കരാർ അന്തിമമാക്കുമ്പോൾ നിലവിലുണ്ടായിരുന്നുവെന്ന് ഗോയൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മേലുള്ള 50 ശതമാനം തീരുവ 18 ശതമാനമായി കുറയ്ക്കുന്നതിനാണ് കരാർ രൂപീകരിച്ചത്. നിലവിലെ താല്കാലിക തീരുവ ഒരു മാസത്തിനുള്ളിൽ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.